ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്; സതീശനും സുധാകരനും വിമർശനം

യോഗത്തിൽ വിഡി സതീശൻ കടുത്ത വിമർശനമാണ് നേരിട്ടത്. ഗവർണറെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് നീക്കം ചെയ്യുന്ന നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും നിലപാടിൽ വ്യക്‌തത വന്നില്ലെന്നും നേതാക്കൾ വിമർശിച്ചു

By Trainee Reporter, Malabar News
KPCC Officials
Representational Image
Ajwa Travels

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയതിനാണ് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗ് ആണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങൾക്ക് ലീഗ് മറുപടിയും നൽകിയിരുന്നു.

ലീഗ് യുഡിഎഫിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ ഉടൻ തന്നെ മറുപടി നൽകിയതും നേതാക്കൾ പ്രശംസിച്ചു. അതേസമയം, യോഗത്തിൽ വിഡി സതീശൻ കടുത്ത വിമർശനമാണ് നേരിട്ടത്. ഗവർണറെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് നീക്കം ചെയ്യുന്ന നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും നിലപാടിൽ വ്യക്‌തത വന്നില്ലെന്നും നേതാക്കൾ വിമർശിച്ചു.

മുഖ്യമന്ത്രിയെയും ഗവർണരെയും ഒരുപോലെ എതിർക്കണമെന്നും യോഗം വിലയിരുത്തി. ഇതിന് പുറമെ ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരനും യോഗത്തിൽ വിമർശനം നേരിടേണ്ടി വന്നു. തരൂർ വിഷയവും കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ പ്രധാന ചർച്ചയായി. തരൂരിനെ കൂടി ഉൾക്കൊണ്ട് പ്രശ്‌നം പരിഹരിക്കണമായിരുന്നു എന്ന് എ ഗ്രൂപ്പ് വിമർശിച്ചു.

തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. അതേസമയം, പുസ്‌തക പ്രകാശനത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ പിജെ കുര്യനും യോഗത്തിൽ വിമർശനമേൽക്കേണ്ടി വന്നു. അതിനിടെ, രാഷ്‌ട്രീയകാര്യ സമിതിയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ചാൻസലർ വിഷയത്തിൽ ഘടകകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു. പൊതുനിലപാട് എടുത്തത് അവരുടെ മറുപടി കൂടി കണക്കിലെടുത്താണെന്നും വിഡി സതീശൻ പ്രതികരിച്ചു.

ശശി തരൂരുമായി പ്രശ്‌നങ്ങൾ ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. ഡെൽഹിയിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞ് അവസാനിപ്പിച്ചു. തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണ്. പാർട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവർത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് വിശദീകരണം.

Most Read: രാജ്ഭവനിൽ ക്രിസ്‌മസ്‌ വിരുന്ന്; മുഖ്യമന്ത്രിയെ ക്ഷണിച്ച് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE