ന്യൂഡെൽഹി: ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തിന് പിന്നാലെ സമാന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയുടെ ചരിത്രം അടിമത്തത്തെ കുറിച്ച് മാത്രമുള്ളതല്ലെന്നും ഉയര്‍ന്നുവന്ന വിജയത്തെക്കുറിച്ചും എണ്ണമറ്റ മഹാൻമാരുടെ വീര്യത്തെക്കുറിച്ചും കൂടിയുള്ളതാണെന്നും മോദി പറഞ്ഞു.
2019ൽ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സെമിനാര്‍ ഉൽഘാടനം ചെയ്‌ത് സംസാരിക്കവെ ‘ഇന്ത്യാ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്ന്’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. സവര്‍ക്കര്‍ ഇല്ലായിരുന്നുവെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും ലഹളയായി അറിയപ്പെടുമായിരുന്നു എന്ന വിചിത്രവാദവും ഇദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
രാജ്യത്തിന്റെ യഥാർഥ കാഴ്‌ചപ്പാടിൽ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരന്‍മാര്‍ തയാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ഇതേ ആവശ്യം അമിത് ഷാ വീണ്ടും ഉന്നയിച്ചിരുന്നു. അസം സര്‍ക്കാര്‍ ഡെല്‍ഹി വിജ്‌ഞാൻ ഭവനില്‍ സംഘടിപ്പിച്ച അഹോം സൈന്യാധിപന്‍ ലചിത് ബര്‍ഫുക്കന്റെ 400ആം ജൻമവാര്‍ഷിക പരിപാടിയിലായിരുന്നു സംഭവം.
ഇതേ പരിപാടിയിലാണ് മോദിയും ഇന്നലെ സമാന ആവശ്യം ഉന്നയിച്ചത്. രാജ്യത്തിന്റെ ചരിത്രം അഭൂതപൂര്‍വമായ വീര്യത്തോടെയും ധീരതയോടെയും സ്വേഛാധിപത്യത്തിന് എതിരെ നിലകൊള്ളുമെന്നും ചരിത്രത്തിന്റെ കൂട്ടായ ബോധം ഏതാനും ദശാബ്‌ദങ്ങളിലോ നൂറ്റാണ്ടുകളിലോ ഒതുങ്ങുന്നതല്ലെന്നും പരിപാടിയില്‍ സമാപനപ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷവും കൊളോണിയല്‍ കാലത്ത് ഗൂഢാലോചനയുടെ ഭാഗമായി എഴുതപ്പെട്ട ചരിത്രമാണ് പഠിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം നമ്മെ അടിമകളാക്കിയ വിദേശികളുടെ അജന്‍ഡയില്‍ മാറ്റംവരുത്തേണ്ട ആവശ്യമുണ്ടായിരുന്നു. അതു നടന്നില്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സ്വേഛാധിപത്യത്തിന് എതിരെ ഉയര്‍ന്നുവന്ന കടുത്ത ചെറുത്തുനില്‍പ്പിന്റെ കഥകള്‍ മനപൂര്‍വം അടിച്ചമര്‍ത്തപ്പെട്ടു. അവ മുഖ്യധാരയില്‍ നല്‍കാതിരുന്നതിന്റെ തെറ്റ് ഇപ്പോള്‍ തിരുത്തപ്പെടുകയാണ്, – പ്രധാനമന്ത്രി പറഞ്ഞു.
മാതൃ രാജ്യത്തിനുവേണ്ടി പോരാടാന്‍ മാതൃകാപരമായ വീര്യം പ്രകടിപ്പിച്ച യോദ്ധാക്കളെ കുറിച്ചും മറ്റു ബന്ധപ്പെട്ട വിഷയങ്ങളിലും ഗവേഷണം നടത്താന്‍ ചരിത്ര അക്കാദമി അംഗങ്ങളോട് അമിത് ഷാ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ മഹത്തായ ചരിത്രം പുനർ ജീവിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ഏതൊരു ശ്രമത്തെയും സർക്കാർ പിന്തുണക്കുമെന്നും അമിത് ഷാ വേദിയിൽ പറഞ്ഞിരുന്നു.
വിഡി സവര്‍ക്കര്‍ സ്വാതന്ത്ര്യസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പ് എഴുതി നല്‍കി ജയില്‍ മോചിതനായെന്നാണ് നിലവിലെ ചരിത്രം. എന്നാല്‍, സവര്‍ക്കറുടെ മൂല്യങ്ങളാണ് രാഷ്‌ട്ര നിര്‍മാണത്തിന്റെ അടിത്തറയെന്നാണ് മോദിയും അമിത് ഷായും അവകാശപ്പെടുന്നത്.
Most Read: മംഗളൂരു സ്‌ഫോടനം: ലക്ഷ്യമിട്ടത് കദ്രി മഞ്‌ജുനാഥ ക്ഷേത്രം