മംഗളൂരു സ്‌ഫോടനം: ലക്ഷ്യമിട്ടത് കദ്രി മഞ്‌ജുനാഥ ക്ഷേത്രം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐആർസി

ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുൻപ് സ്‌ഫോടനം നടന്നതായും ആൾക്കൂട്ട കൊലപാതകങ്ങൾ, അടിച്ചമർത്തുന്ന നിയമങ്ങൾ, മതഭീകരത എന്നിവക്കെതിരെയാണ് തങ്ങൾ ഈ ആക്രമണം നടത്തിയതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടന കത്തിൽ പറയുന്നു.

By Central Desk, Malabar News
Mangalore blast _ Kadri Manjunath temple targeted _ IRC takes responsibility
പ്രതി ഷാരിഖ്

മംഗളൂരു: കങ്കനാടിയിൽ ഓട്ടോറിക്ഷയിൽ നടന്ന കുക്കർ ബോംബ് സ്‌ഫോടനം ലക്ഷ്യമിട്ടത് മംഗളൂരുവിലെ കദ്രി മഞ്‌ജുനാഥ ക്ഷേത്രമെന്ന് അവകാശപ്പെട്ട്ഇസ്​ലാമിക് റെസിസ്‌റ്റന്‍സ് കൗണ്‍സില്‍ (ഐആർസി) എന്ന സംഘടന. പൊലീസിന് അയച്ച കത്തിലാണ് ഐആർസി ഈ അവകാശവാദം ഉന്നയിച്ചത്. തങ്ങളാണ് ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്നും ഇവർ കത്തിൽ അവകാശപ്പെടുന്നു.

എന്നാൽ, ഈ സംഘടനയെക്കുറിച്ച് അറിവില്ലെന്ന് പൊലീസ് പറഞ്ഞു. കത്ത് എവിടെനിന്നാണ് വന്നതെന്ന് വ്യക്‌തമല്ലന്നും സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

ശനിയാഴ്‌ച വൈകിട്ട് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ കുക്കർബോംബ് പൊട്ടിത്തെറി ഉണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിൽസയിലാണ്. 2020ല്‍ യുഎപിഎ കേസില്‍ അറസ്‌റ്റിലായി, ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിക്കുകയായിരുന്നു ഷാരിഖ്.

വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ള ഷാരിഖ് മുൻപ് മുന്‍പ് കേരളത്തിലും എത്തിയിരുന്നു. 5 ദിവസം ആലുവയിലെ ലോഡ്‌ജിൽ ഇയാൾ താമസിച്ചതായാണു വിവരം. ആലുവ കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡ്‌ പരിസരത്തെ ലോഡ്‌ജിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ നാലംഗ സംഘം പരിശോധന നടത്തിയിരുന്നു. കര്‍ണാടകയിലെ ഷിമോഗ സ്വദേശിയായ ഷാരിഖ്, ലോഡ്‌ജിന്റെ വിലാസത്തില്‍ വന്ന ചില കൊറിയറുകള്‍ കൈപ്പറ്റിയിരുന്നതായും സൂചനയുണ്ട്.

ഷാരിഖ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ യാത്ര ചെയ്‌തിട്ടുണ്ടെന്നും ഇതിനാലാണ് കൊച്ചി, നാഗര്‍കോവില്‍, ബെംഗളൂരു, മൈസൂരു, കന്യാകുമാരി, തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ, ആലുവ തുടങ്ങിയ സ്‌ഥലങ്ങളില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതെന്നും അധികൃതർ പറയുന്നു.

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിൽ പിടികൂടി ജയിലിൽ കഴിയുന്ന 6 പ്രതികളെ മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ സ്‌ഫോടനക്കേസിൽ ചാവേറായി കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷര്‍ കുക്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നുകരുതുന്ന ഷാരിഖും തമ്മില്‍ കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരിൽ കൂടിക്കാഴ്‌ച നടത്തിയെന്നു കേന്ദ്ര ഏജന്‍സികള്‍ സ്‌ഥിരീകരിച്ചിരുന്നു.

സെപ്‌റ്റംബറിലും ഒക്‌ടോബറിലും കോയമ്പത്തൂരില്‍ ഷാരിഖ് കോയമ്പത്തൂരിൽ വന്നിരുന്നു. വന്ന സമയത്ത് ഷാരിഖ് താമസിച്ച ഗാന്ധിനഗറിലെ ഡോര്‍മിറ്ററി പോലീസ് പൂട്ടി സീൽ ചെയ്‌തിട്ടുണ്ട്‌. കോയമ്പത്തൂരില്‍ ഷാരിഖിനു സിം കാര്‍ഡ് എടുത്തുനല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.

സ്‌ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്‌തെന്നു കരുതുന്ന ശിവമോഗ സ്വദേശി അബ്‌ദുൽ മദീന്‍ അഹമ്മദ് ത്വാഹയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ലഭിച്ച കത്തിൽ കർണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെ സംഘടന ഭീഷണിപ്പെടുത്തുന്നുണ്ട്. എഡിജിപിയുടെ സന്തോഷത്തിന് ആയുസ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടൻ കൊയ്യുമെന്നും കത്തിൽ പറയുന്നു.

Most Read: ഓപ്പറേഷൻ കെസിആർ: തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗുവിനും ലുക്കൗട്ട് നോട്ടിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE