ഓപ്പറേഷൻ കെസിആർ: തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗുവിനും ലുക്കൗട്ട് നോട്ടിസ്

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു എന്ന കെസിആറിന്റെ പാർട്ടിയായ ഭാരത് രാഷ്‌ട്ര സമിതി (തെലങ്കാന രാഷ്‌ട്ര സമിതി) 'ഓപ്പറേഷൻ താമര'യെ ദേശീയതലത്തിൽ തുറന്നു കാണിക്കാൻ ഒരുക്കിയ 'ഓപ്പറേഷൻ കെസിആർ' എന്ന കെണിയിൽ വീണ തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗു സ്വാമിക്കും ലുക്കൗട്ട് നോട്ടിസ്.

By Central Desk, Malabar News
Operation KCR against Operation Lotus
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു

തെലങ്കാന: സംസ്‌ഥാനത്തെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന തുഷാർ വെള്ളാപ്പള്ളിക്കും കൊച്ചി അമൃതയിലെ ഡോ. ജഗ്ഗു സ്വാമിക്കും വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി തെലങ്കാന പോലീസ്.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നവംബർ 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാൻ നോട്ടിസ് നല്‍കിയിരുന്നു. അന്നേ ദിവസം ഹാജരാകാതിരിക്കുകയും മറുപടി നൽകാതിരിക്കുകയും ചെയ്‌തതിനെ തുടർന്നാണ് ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.

സംസ്‌ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു എന്ന കെസിആർ ആരോപിച്ചിരുന്നു. ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്‌ദാനം ചെയ്‌തത്‌ അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നാണ് കെസിആറിന്റെ ആരോപണം.

ആരോപണം തെളിയിക്കാൻ ആവശ്യമായ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വിഡിയോകളും അമിത്ഷായും തുഷാറും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോകളും മറ്റു ചില രേഖകളും വാർത്താസമ്മേളനത്തില്‍ കെസിആർ വിതരണം ചെയ്‌തിരുന്നു. തുഷാറിന്റെ ഏജന്റുമാര്‍ ടിആര്‍എസിന്റെ എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോയായിരുന്നു ഇതിലെ ഏറ്റവും ശ്രദ്ധേയരേഖ.

കെസിആറിന്റെ പാർട്ടിയായ ഭാരത് രാഷ്‌ട്ര സമിതി (തെലങ്കാന രാഷ്‌ട്ര സമിതി) എംഎല്‍എ പി. രോഹിത് റെഡ്ഢിയുടെ ഹൈദരാബാദിനു സമീപത്തുള്ള ഫാംഹൗസിലെ രഹസ്യക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കെസിആർ പുറത്തുവിട്ടിരുന്നത്. തുടർന്ന് രോഹിത് റെഡ്ഢി നൽകിയ പരാതിയിൽ രാമചന്ദ്ര ഭാരതി, കോര്‍ നന്ദു കുമാര്‍, സിംഹയാജി സ്വാമി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

രോഹിത് റെഡ്ഢി ഉൾപ്പടെ നാല് എംഎൽഎമാരെ കൂറുമാറ്റാനുള്ള കച്ചവടം ഉറപ്പിക്കാനാണ് രോഹിത് റെഡ്ഢിയെ ‘ഓപ്പറേഷൻ താമര’ പ്രധിനിധികൾ ബന്ധപ്പെട്ടത്. രോഹിത് റെഡ്ഢി മറ്റു മൂന്ന് എംഎൽഎമാരെയും സംഘടിപ്പിച്ചു ഫാംഹൗസിലെത്തി. ഇവരോട് ബിജെപിയിലേക്ക് കൂറുമാറിയാലുള്ള സാമ്പത്തിക നേട്ടത്തെപ്പറ്റി അറസ്‌റ്റിലായവർ വിശദീകരിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലെ ശ്രദ്ധേയ രേഖ.

ഇതിനിടെ രോഹിത് റെഡ്ഢി തുഷാര്‍ വെള്ളാപ്പള്ളിയുമായി സംസാരിക്കുന്നത് മൊബൈല്‍ സ്‌പീക്കർ ഓണാക്കി കേള്‍പ്പിക്കുന്നതും വീഡിയോയിൽ വ്യക്‌തമാണ്‌. കെസിആറിന്റെ ഏറ്റവും വിശ്വസ്‌തരായ നാല് എംഎൽഎമാർ ഒരുക്കി വെച്ച കെണിയില്‍ ബിജെപിയും ഓപ്പറേഷൻ താമര ടീമും വീഴുകയായിരുന്നു. തുടർന്ന്, ഫാംഹൗസിൽ കുരുങ്ങിയ ഓപ്പറേഷൻ താമര അംഗങ്ങളെ എംഎല്‍എമാര്‍ തന്നെയാണ് പൊലീസിന് കൈമാറിയത്.

ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്‌ഥാൻ സര്‍ക്കാരുകളെ അട്ടിമറിക്കാനും ശ്രമമുണ്ടെന്ന് അറസ്‌റ്റിലായ ഏജന്റമാര്‍ പറഞ്ഞു. കേസ്, കേന്ദ്രത്തിന് പൂർണ സ്വാതന്ത്ര്യമുള്ള സിബിഐക്ക് വിടാൻ ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹരജി തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. കേസന്വേഷണത്തിനായി സംസ്‌ഥാന സർക്കാർ നിയമിച്ചിരിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വസ്‌റ്റിഗേഷന്‍ വിഭാഗം (എസ്‌ഐടി) തുടർന്നാൽ മതിയെന്നും അന്വേഷണ സമയത്ത് ശേഖരിച്ച വസ്‌തുക്കൾ നഷ്‍ടപ്പെടരുതെന്നും ചീഫ് ജസ്‌റ്റിസ്‌ ഉജ്ജല്‍ ഭൂയാന്‍, ജസ്‌റ്റിസ്‌ സി വി ഭാസ്‌കര്‍ റെഡ്ഢി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

തുടർന്നാണ്, തെലങ്കാന സംസ്‌ഥാനത്തെ നല്‍ഗൊണ്ട എസ്‌പിയും മലയാളിയുമായ രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം കണിച്ചുകുളങ്ങരയില്‍ എത്തി നവംബർ 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാൻ നോട്ടിസ് നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചി ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളിൽ റെയ്‌ഡ്‌ നടത്തുകയും ചെയ്‌തിരുന്നു.

Most Read: തമിഴ്‌നാട്ടിൽ മുന്നാക്ക സംവരണം നടപ്പാക്കില്ല; വിധിയെ ചോദ്യം കോടതിയിൽ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE