തൃശൂർ: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്തുവിടുമെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കരെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകളാണ് ഇന്ന് പുറത്തുവിടുക.
കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന, ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ടാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃശൂർ ഡിസിസിയിൽ വിളിച്ചു ചേർത്തിട്ടുള്ള വാർത്താ സമ്മേളനത്തിൽ പുറത്തുവിടുക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം അനിൽ അക്കര ആരോപണവുമായി രംഗത്തെത്തിയത്.
ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമലംഘനം, നൂറു ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം. അതിനിടെ, ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Most Read: ‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്ക്ക് മൽസരിക്കുമെന്ന് മമത ബാനർജി







































