മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്ളാസ് റൂമിൽ വച്ച് രണ്ടാം ക്ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവം വീണ്ടും ന്യായീകരിച്ച് അധ്യാപിക. ഞങ്ങൾ ഇങ്ങനെയാണ് കുട്ടികളെ നിയന്ത്രിക്കുന്നതെന്നും, ഇതിൽ ലജ്ജയില്ലെന്നും മുസാഫർനഗർ നേഹ പബ്ളിക് സ്കൂൾ അധ്യാപിക ത്രിപ്ത ത്യാഗി പ്രതികരിച്ചു. മർദ്ദനത്തിനിരയായ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് മുസാഫർനഗർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപികയുടെ പ്രതികരണം.
‘സ്കൂളിലെ കുട്ടികളെ നിയന്ത്രിക്കുന്നത് പ്രധാനമാണ്. അതിനായി പല നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങൾ സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ട് ലജ്ജയില്ല. അധ്യാപികയെന്ന നിലവിൽ ഈ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ട്’ – ത്രിപ്ത ത്യാഗി വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ക്ളാസ് മുറിയിൽ വെച്ച് അധ്യാപിക മറ്റു വിദ്യാർഥികളോട് മുസ്ലിം വിദ്യാർഥിയെ അടിക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. രണ്ടാം ക്ളാസ് വിദ്യാർഥിയാണ് മർദ്ദനത്തിനിരയായത്. എന്നാൽ, താൻ ഭിന്നശേഷിക്കാരി ആണെന്നും, കുട്ടി കഴിഞ്ഞ രണ്ടുമാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും തനിക്ക് എഴുന്നേൽക്കാൻ കഴിയാത്തതിനാൽ മറ്റുകുട്ടികളെ കൊണ്ട് തല്ല് നൽകിയതെന്നുമായിരുന്നു അധ്യാപിക നേരത്തെ പറഞ്ഞിരുന്നത്.
വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. അതേസമയം, പരാതിയില്ലെന്ന് മർദ്ദനത്തിനിരയായ കുട്ടിയുടെ പിതാവ് അറിയിച്ചെങ്കിലും സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി അധ്യാപികക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Most Read| 500 വര്ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!








































