കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജ് രണ്ടു ദിവസത്തേക്ക് അടച്ചു. ഏഴ് എസ്എഫ്ഐക്കാർക്ക് എതിരേയും ഒരു കെഎസ്യു പ്രവർത്തകന് എതിരേയുമാണ് നടപടി. സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരമാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായത്. പോളിംഗ് സ്റ്റേഷനിൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം. സംഘർഷത്തിൽ ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. സംഘർഷത്തെ തുടർന്ന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറ്റിവെച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞെന്നാണ് കെഎസ്യുവിന്റെ ആരോപണം. ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ബാലറ്റ് പേപ്പറുകൾ നശിപ്പിക്കപ്പെട്ടതാണ് ഫലപ്രഖ്യാപനം മാറ്റാൻ കാരണമെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, കോളേജിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ. ജിസ ജോസ് അറിയിച്ചിട്ടുണ്ട്.
Most Read| സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു







































