കോഴിക്കോട്: നഥൂറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടി പ്രഫസർക്കെതിരെ കേസ്. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെതിരേയാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പരാതിയിൽ കലാപാഹ്വാനത്തിനാണ് കേസ്.
പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നൽകിയിരുന്നു. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനമായ ജനുവരി 30ന് അഡ്വ. കൃഷ്‌ണരാജ് എന്നയാൾ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിന്റെ അടിയിൽ, ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് ഷൈജ ആണ്ടവൻ കമന്റിട്ടിരുന്നു. ഇതാണ് വിവാദമായത്.
ഹിന്ദുസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്ന പോസ്‌റ്റിനടിയിലായിരുന്നു വിവാദ കമന്റ്. ഗാന്ധിയെ കൊന്നതിന് വധശിക്ഷയ്‌ക്ക് വിധേയമാക്കപ്പെട്ടയാളാണ് ഗോഡ്സെ എന്നിരിക്കെ, രാജ്യത്തെ രക്ഷിച്ചത് ഗോഡ്‌സെ എന്ന് പറയുക വഴി രാജ്യദ്രോഹ കുറ്റമാണ് പ്രഫസർ ചെയ്‌തിരിക്കുന്നത് എന്നാണ് പരാതി. സമൂഹത്തിൽ ബോധപൂർവം സ്‌പർധ വളർത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അതിനാൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, തന്റെ കമന്റ് ഗൗരവത്തോടെ അല്ലെന്നായിരുന്നു ഷൈജ ആണ്ടവന്റെ വിശദീകരണം. വിവാദമാകുമെന്ന് കരുതിയില്ലെന്നും അവർ പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠാ ദിനത്തിൽ സംഘപരിവാർ അനുകൂല വിദ്യാർഥി കൂട്ടായ്‌മ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും കാവി നിറത്തിൽ ഇന്ത്യയുടെ ഭൂപടം വരയ്‌ക്കുകയും ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥി സംഘർഷത്തിന് പിന്നാലെയാണ് ഈ സംഭവം.
Most Read| അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‍രിവാളിനെതിരെ ഇഡി കോടതിയിൽ







































