കോഴിക്കോട്: വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന വിദ്യാർഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പിൽ പുതിയതോട്ടിൽ അലി മുസ്ല്യാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.
കെട്ടിടത്തിലെ തൂണിൽ നിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്നാണ് കുടുംബത്തിന്റെ ആരോപണം. തൂണിൽ ഷോക്കുണ്ടെന്ന് പരാതി അറിയിച്ചിട്ടും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നാണ് ആക്ഷേപം.
കടക്ക് മുകളിൽ മരത്തിൽ തട്ടി നിൽക്കുന്ന വൈദ്യുതി ലൈനാണ് തൂണിൽ നിന്നും ഷോക്കേൽക്കാനുള്ള കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് മുൻപും ഷോക്കേൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അത് രജിസ്റ്റർ ചെയ്യുകയല്ലാതെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ഇന്നലെ രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് റിജാസ് ഷോക്കേറ്റ് മരിച്ചത്. രാത്രി ഒരുമണിയോടെ ആയിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് റിജാസ് കടയുടെ മുന്നിൽ കയറി നിൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു.
Most Read| അവയവക്കടത്ത്; 20 പേരെ ഇറാനിലെത്തിച്ചതായി പ്രതി; കൂടുതൽ ഉത്തരേന്ത്യയിൽ നിന്നുള്ളവർ







































