തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. ഞായറാഴ്ച അർധരാത്രി 12 മണിമുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ ഈ ദിവസങ്ങളിൽ മൽസ്യബന്ധനത്തിന് അനുമതിയുള്ളൂ.
ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്ചലമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മൽസ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. അതേസമയം, ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസമില്ല. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും.
നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ കോസ്റ്റൽ പോലീസുണ്ടാകും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധന കാലയളവിൽ മൽസ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുന്നത് ഊർജിതപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ, കേരളത്തിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത നാല് ദിവസം കൂടി കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴക്കാണ് സാധ്യതയുള്ളത്. മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴക്ക് കാരണം. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്