തിരുവനന്തപുരം: സംസ്‌ഥാനത്ത് പനി മരണങ്ങൾ കൂടുന്നു. ഇന്ന് 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിൽസ തേടിയത്. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്‌ഥിരീകരിച്ചതോടെ, സംസ്‌ഥാനത്തെ കോളറ ബാധിതരുടെ എണ്ണം 11 ആയി.
നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കാണ് കോളറ സ്‌ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ, സംസ്‌ഥാനത്ത് കുട്ടികളുടെയും മുതിർന്നവരുടെയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് സ്‌ഥിതിഗതികൾ അവലോകനം ചെയ്‌തത്.
പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്‌ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലാ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എല്ലാ ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചുവെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read| യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കൊച്ചി മെട്രോയിൽ രണ്ട് അധിക ട്രെയിനുകൾ