മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് നേരെ ക്രൂരമർദ്ദനം. കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് നേരെയാണ് മർദ്ദനം ഉണ്ടായത്. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു.
വേങ്ങര സ്വദേശി അബ്‌ദുൽ കലാമും മകൻ സത്തറും കുടുംബവും ചേർന്നാണ് ഇവരെ മർദ്ദിച്ചത്. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുൻപ് സത്തറിന് ബഷീർ കടം നൽകിയ പണം ഇതുവരെയും തിരിച്ചു നൽകിയിരുന്നില്ല. പലതവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തർ പണം നൽകാൻ തയ്യാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്തറിന്റെ വീട്ടിലേക്ക് പോയത്. വീടിന് മുന്നിൽ ബാനറടക്കം വെച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഭവ സ്‌ഥലത്തേക്ക് മുഹമ്മദ് സത്തറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടപിടിയും ഉണ്ടാവുകയും ചെയ്‌തത്.
സംഭവത്തിൽ വയോധിക ദമ്പതികൾക്ക് ക്രൂരമായി മർദ്ദനമേറ്റു. മറ്റൊരു അയൽവാസിക്കും പരിക്കേറ്റതായാണ് വിവരം. ബിസിനസ് ആവശ്യങ്ങൾക്കായാണ് സത്തറിന് ബഷീർ പണം കടം നൽകിയത്. സത്തറും ബഷീറും അയൽവാസികളാണ്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നൽകാനുള്ളതെന്നാണ് വിവരം. സംഭവത്തിൽ ബഷീർ വേങ്ങര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!