കൊൽക്കത്ത: സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്നുമരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരെ കാണാതായി. ഞായറാഴ്‌ച രാത്രി ഏഴുമണിയോടെ ഉണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നിസ്സാര പരിക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി.
കാണാതായ ആറുപേരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ പരിശ്രമിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിക്കിമിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാരികൾ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. അസം, അരുണാചൽ പ്രദേശ്, മിസോറാം, മേഘാലയ, മണിപ്പൂർ തുടങ്ങിയയിടങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. പല ഗ്രാമങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി.
ബ്രഹ്‌മപുത്ര, ബരാക് ഉൾപ്പടെ പത്ത് പ്രധാന നദികൾ അപകടനിലയ്‌ക്ക് മുകളിലാണ്. ഒട്ടേറെ തീവണ്ടികൾ റദ്ദാക്കി. അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒമ്പത് പേർ വീതവും മേഘാലയയിൽ ആറുപേരും മിസോറാമിൽ അഞ്ചുപേരും നാഗാലൻഡ്, ത്രിപുര എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചു. സിക്കിമിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!






































