ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 14 പേർ മരിച്ചതായാണ് സർക്കാർ വ്യക്‌തമാക്കുന്നത്. പ്രളയത്തിൽ 23 സൈനികൾ ഉൾപ്പടെ 102 പേരെയാണ് കാണാതായത്. 26 പേർക്ക് പരിക്കേറ്റതായും സിക്കിം സർക്കാർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സൈനികരിൽ ഒരാളെ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സ്‌ഥലത്ത് കരസേനയുടെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം, സിക്കിമിലെ ടീസ്‌ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പമാണെന്നാണ് സംശയം. ഇതേ തുടർന്ന് വിദഗ്‌ധർ ഈ സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് തടാകത്തിലെ വെള്ളം കുത്തിയൊലിച്ചതാകാം മിന്നൽ പ്രളയത്തിന് ഇടയാക്കിയതെന്നും കമ്മീഷൻ സംശയം പ്രകടിപ്പിച്ചു.
ഇന്നലെ പുലർച്ചെ ലാചെൻ താഴ്‌വരയിലാണ് മിന്നൽ പ്രളയമുണ്ടായത്. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിന് സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിന് കാരണമായത്. ഇതിന് പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും ഡാം തുറന്നു വിടുകയുമായിരുന്നു. പ്രളയത്തിൽ സിങ്താമിന് സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഉൾപ്പടെ ഒഴുകിപ്പോയി. സിങ്താമിൽ ടീസ്‌തയ്‌ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകർന്നു.
പശ്‌ചിമ ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. വിവിധയിടങ്ങയിൽ ഗതാഗതം പൂർണമായും സ്‌തംഭിച്ചു. സംസ്‌ഥാനത്ത് 3000 വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംസ്‌ഥാനത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളെല്ലാം താറുമാറായി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് സിങ്‌താങ് പ്രളയബാധിത മേഖലകൾ സന്ദർശിച്ചു സാഹചര്യങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായങ്ങളും നൽകാൻ ഉറപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, പ്രളയത്തിൽ കാണാതായ സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങൾക്കായി ഇന്ത്യൻ സൈന്യം മൂന്ന് ഹെൽപ്പ് ലൈൻ ആരംഭിച്ചു. കാണാതായ സൈനികരുടെ കുടുംബങ്ങൾക്ക് മാത്രമായി 7588302011 എന്ന നമ്പറിലാണ് ഹെൽപ്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്. മറ്റുള്ളവർക്കായി 8750887741 (നോർത്ത് സിക്കിം), 8756991895 (ഈസ്‌റ്റ് സിക്കിം).
അതേസമയം, പ്രളയ സാഹചര്യം കണക്കിലെടുത്ത് പശ്‌ചിമബംഗാളിൽ പതിനായിരം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്‌ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലായി 190 ക്യാമ്പുകൾ തുറന്നു. ഗവർണർ ഇന്ന് പ്രദേശങ്ങൾ സന്ദർശിക്കും.
Tech | ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!