പ്രളയദുരന്തത്തിൽ സിക്കിം; മരണസംഖ്യ 40 ആയി- സഹായധനം പ്രഖ്യാപിച്ചു സർക്കാർ

പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി സർക്കാർ നാല് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

By Trainee Reporter, Malabar News
Flash flood in Sikkim
Ajwa Travels

ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇന്ന് വൈകിട്ട് വരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 40 പേരാണ് മരിച്ചത്. മരണസഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രളയത്തിൽ ഏഴ് സൈനികരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കാണാതായ നൂറിലേറെ പേർക്കായി മൂന്നാം ദിവസവും തിരച്ചിൽ നടത്തുകയാണ്. ഇന്ന് കൂടുതൽ കേന്ദ്രസേനയെ സംസ്‌ഥാനത്തേക്ക് എത്തിച്ചു രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെയെത്തിയിട്ടുണ്ട്. പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ ഹെലികോപ്‌ടറുകൾ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പടെ 7000 പേരെ ഹെലികോപ്‌ടർ മാർഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി.

അതിനിടെ, വടക്കൻ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. തടാകത്തിൽ നിന്ന് മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദ്ദേശം. സിക്കിമിലെ സ്‌കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതതലയോഗം വിളിച്ചു സ്‌ഥിതിഗതികൾ വിലയിരുത്തി.

സംസ്‌ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്. സൈനിക കേന്ദ്രം പ്രളയത്തിൽ തകർന്നു. ഇതോടെ പ്രളയത്തിൽ ആയുധങ്ങളോ വെടിക്കോപ്പുകളോ ഒഴുകി വരാൻ സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഇത്തരം വെടിക്കോപ്പുകൾ കണ്ടാൽ എടുക്കരുതെന്നും പൊട്ടിത്തെറിക്കാൻ ഇടയുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു. സംസ്‌ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലാചെൻ താഴ്‌വരയിലാണ് മിന്നൽ പ്രളയമുണ്ടായത്. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിന് സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിന് കാരണമായത്. ഇതിന് പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും ഡാം തുറന്നു വിടുകയുമായിരുന്നു.

Most Read| ഏഷ്യന്‍ ഗെയിംസിൽ ചരിത്രം തിരുത്തി ഇന്ത്യ; മെഡൽ നേട്ടത്തിൽ സെഞ്ചുറി ഉറപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE