കൊച്ചി: പിറവത്ത് പ്ളസ് ടു വിദ്യാർഥിയെ കാണാതായി. പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി അർജുൻ രഘുവിനെയാണ് കാണാതായത്. തിങ്കളാഴ്‌ച സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകീട്ട് തിരിച്ചെത്തിയിരുന്നില്ല.
ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾ വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ അർജുൻ തിങ്കളാഴ്‌ച സ്‌കൂളിൽ എത്തിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അർജുൻ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, അതിന് ശേഷം അർജുൻ എവിടേക്ക് പോയി എന്ന കാര്യത്തിൽ വ്യക്‌തതയില്ല. അർജുന് വേണ്ടി അന്വേഷണം ഊർജിതമാക്കിയ പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
അതേസമയം, അർജുൻ എന്തിനാണ് വീടുവിട്ട് പോയതെന്ന കാര്യത്തിൽ വ്യക്‌തതയില്ല. വീട്ടിൽ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തിൽ പോലീസിന് വ്യക്‌തമായത്. പ്ളസ് വൺ പരീക്ഷാഫലം വന്നതിന് പിന്നാലെ അർജുൻ അസ്വസ്‌ഥനായിരുന്നോ, അതുമൂലമാണോ മാറി നിൽക്കുന്നത് എന്നത് സംബന്ധിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഇല്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ







































