കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29) എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
250 ഗ്രാം എംഡിഎംഎ, 44 ഗ്രാമിൽ കൂടുതൽ എക്‌സ്‌റ്റസി ഗുളികകൾ, 1.5 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ തുടങ്ങിയവയാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ടൂറിസ്‌റ്റ് ബസിൽ എത്തിയവരാണ് ഇവർ. കോഴിക്കോട് സിറ്റി ഡിസിപി അരുൺ കെ പവിത്രന്റെ കീഴിൽ നർകോട്ടിക് സെൽ അസി.കമ്മീഷണർ എജെ ജോർജ് നേതൃത്വം നൽകിയ ഡാൻസാഫ് സംഘവും കോഴിക്കോട് കസബ എസ്‌ഐ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വാട്ടർ ഹീറ്ററിന്റെ സ്‌റ്റീൽ ടാങ്കിനുള്ളിൽ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. പത്തുദിവസം കൊണ്ട് ഇത്രയും ലഹരിമരുന്നുകൾ നഗരത്തിലെ ആവശ്യക്കാർക്കിടയിൽ വിറ്റുതീരാറുണ്ടെന്നാണ് പിടിയിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്. പിടിയിലായ രണ്ടുപേരും മാങ്കാവിലെ ഡ്രീം പാത്ത് എന്ന എജ്യൂക്കേഷണൽ കൺസൾട്ടൻസി നടത്തുന്നവരാണ്.
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി








































