2000കോടിയുടെ മയക്കുമരുന്ന് കടത്ത്; മൻസൂറിനായി ഇന്റർപോളിന്റെ സഹായം തേടി ഡിആർഐ

By Central Desk, Malabar News
2000 crore drug trafficking; DRI seeks Interpol's help for Mansoor
Ajwa Travels

മുംബൈ: രണ്ടുവട്ടമായി ഏകദേശം 2000കോടിയുടെ (1476+502) മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മലപ്പുറം കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറിനെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിൽ നിന്നും ഇന്ത്യയിലെത്തിക്കാൻ ഡിആർഐ സംഘം ഇന്റർപോളിന്റെ സഹായം തേടി.

മൻസൂറിന്റെ മലപ്പുറത്തെ വീട്ടിൽ ഡിആർഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇരുകേസുകളിലും മൻസൂറിന്റെ ബിസിനസ് പങ്കാളിയായ എറണാകുളം കാലടി മഞ്ഞപ്ര അമലാപുരം കിലുക്കൻ വീട്ടിൽ വിജിൻ വർഗീസും പ്രതിയാണ്. ഇയാൾ നിലവിൽ ഡിആർഐയുടെ കസ്‌റ്റഡിയിലുണ്ട്. മൻസൂറാണ് ലഹരിമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻറ്‌സ്‌) കരുതുന്നുണ്ട്.

സെപ്‌റ്റംബർ 30നാണ് ആദ്യ കണ്ടെയ്‌നർ മൂംബൈ തുറമുഖത്ത് പിടികൂടിയത്. രണ്ടുവട്ടമായി ഇറക്കുമതി ചെയ്‌ത കണ്ടയിനറുകൾ പിടികൂടുന്നതിന് മൂന്നാഴ്‌ച മുൻപാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിൽ നിന്ന് ഇന്ത്യയിലെ നവിമുംബൈയിലെ തുറമുഖത്തേക്ക് ചാർട്ട് ചെയ്‌തത്‌. രണ്ടാമത്തെ കണ്ടെയ്‌നർ തുറമുഖത്ത് എത്തിയത് ഒക്‌ടോബർ 6നായിരുന്നു. ഇതും പിടികൂടി പരിശോധിച്ചപ്പോഴാണ്‌ 502 കോടി വിപണി വിലവരുന്ന കൊക്കെയിന്‍ പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പിടികൂടിയ ആദ്യ കണ്ടെയ്‌നറിൽ നിന്ന് ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് 198 കിലോഗ്രാം മെതാംഫെറ്റമിനും 9 കിലോഗ്രാം കൊക്കെയ്‌നും കണ്ടെടുത്തത്. തുടർന്നായിരുന്നു വിജിൻ വർഗീസിനെ അറസ്‌റ്റ് ചെയ്‌തത്‌.

യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡിന് അനുവദിക്കപ്പെട്ട പഴവർഗ ഇറക്കുമതിക്കുള്ള ലൈസൻസ് ദുരുപയോഗം ചെയ്‌താണ്‌ രണ്ടു കണ്ടെയ്‌നറുകളും ഇവർ ഇന്ത്യയിലേക്ക് എത്തിച്ചത്. ഓറഞ്ച് കാര്‍ട്ടിന്റെ മറവിലായിരുന്നു 1476 കോടി രൂപയുടെ കഴിഞ്ഞ ആഴ്‌ചയിലെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഗ്രീന്‍ആപ്പിള്‍ കാര്‍ട്ടിന്റെ മറവിലാണ് രണ്ടുദിവസം മുൻപ് 502 കോടിയുടെ കൊക്കെയിന്‍ ഇവർ കടത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ ഒന്നായ ഈ രണ്ടു ലഹരിക്കടത്തിനു പിന്നിലും മലപ്പുറം സ്വദേശി കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറിനെയാണ് ഡിആർഐ സംഘം പ്രധാനമായും സംശയിക്കുന്നത്. മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്‌ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്‌ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ്‌ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നതെന്ന് ഡിആർഐ പറയുന്നു.

അതേസമയം, കണ്ടെയ്‌നറിൽ ലഹരിവസ്‌തുക്കൾ ഉള്ളതായി അറിവില്ലായിരുന്നെന്നും വഞ്ചിക്കപ്പെട്ടതാണ് എന്നും വിജിൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായി അറിയുന്നു. ലഹരികടത്തുമായി ബന്ധമില്ലെന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നു മൻസൂർ മനോരമ ന്യൂസിനോടും പറഞ്ഞിരുന്നു. അമൃത പട്ടേൽ എന്ന ഗുജറാത്ത് സ്വദേശി താനറിയാതെ കണ്ടെയ്‌നറിൽ ലഹരിമരുന്ന് അയക്കുകയാണ് ഉണ്ടായതെന്ന് മൻസൂർ വിശദീകരിക്കുന്നുണ്ട്. അമൃത പട്ടേലിന് എതിരെ ജോഹന്നാസ് ബര്‍ഗിൽ മൻസൂർ കേസ് നൽകിയിട്ടുണ്ട്.

Most Read: വിഴിഞ്ഞം: സമരസമിതി അംഗങ്ങളില്ലാതെ ‘വിദഗ്‌ധ പഠന സമിതി’ രൂപീകരിച്ച് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE