ലോകം ചുറ്റുന്ന ആഡംബര കപ്പലിൽ പകർച്ചവ്യാധി ഭീഷണി; 101 പേർക്ക് നോറോ വൈറസ്

By Senior Reporter, Malabar News
Noro virus
Ajwa Travels

മിയാമി: ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. കപ്പലിലെ 95 യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കുമാണ് വൈറസ് ബാധ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌.

യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്‌സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങൾ സന്ദർശിക്കുന്ന ഐഡ ദീവ നവംബർ പത്തിന് ജർമനിയിലെ ഹാംബർഗിൽ നിന്നാണ് പുറപ്പെട്ടത്. 133 ദിവസത്തെ ലോകയാത്രയാണിത്. നവംബർ 30നാണ് ആദ്യ കേസ് റിപ്പോർട് ചെയ്‌തത്‌. കപ്പൽ മയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു ആദ്യ കേസ്.

വയറിളക്കവും ഛർദിയുമാണ് പ്രധാന ലക്ഷങ്ങൾ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് ക്വാറന്റെയ്ൻ, വൃത്തിയാക്കൽ, അണുവിമുക്‌തമാക്കൽ, പരിശോധനകൾ എന്നിവയെല്ലാം നടപ്പാക്കി വരികയാണ്. നിലവിലെ സാഹചര്യം മറികടന്ന് കപ്പൽ മാർച്ച് 23ന് ഹാംബർഗിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ഐഡ ദീവ ക്രൂയിസിന്റെ വക്‌താവ്‌ മാദ്ധ്യമങ്ങളെ അറിയിച്ചു. പുതിയ കേസുകൾ റിപ്പോർട് ചെയ്യുന്നത് കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് നോറോ വൈറസ്?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

പകരുന്നത് ഇങ്ങനെ

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധിതനായ വ്യക്‌തിയില്‍ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്‌പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും.

രോഗബാധയുള്ള വ്യക്‌തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

Noro Virus Kerala
Representational Image

ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്‌ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം കണ്ടെത്തിയാൽ

വൈറസ് ബാധിതര്‍ ഡോക്‌ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒആര്‍എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിൽസ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുമുതല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ടുദിവസങ്ങള്‍വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാൻ ശ്രദ്ധിക്കണം.

Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE