കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. സ്‌കൂളിലെ 98 വിദ്യാർഥികൾ വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്.
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്. തുടർന്ന്, ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്‌കൂളിലെ കിണറുകളടക്കം ക്ളോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.
എന്താണ് നോറോ വൈറസ്
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗം ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളിലൂടെയാണ് ഉണ്ടാകുന്നത്. ആമാശയം, കുടൽ എന്നിവയുടെ ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കും ഈ വൈറസ് കാരണമാകുന്നു. വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്‌ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്‌ഥയിലേക്ക് പോകുകയും ചെയ്യും.
പകരുന്നത് ഇങ്ങനെ
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധിതനായ വ്യക്‌തിയില്‍ നിന്നും ശ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങിനില്‍ക്കുകയും അവയില്‍ സ്‌പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും.
രോഗബാധയുള്ള വ്യക്‌തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
ലക്ഷണങ്ങള്‍
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്‌ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
പ്രതിരോധിക്കാം
1. പരിസര ശുചിത്വവും വ്യക്‌തി ശുചിത്വവും ഏറെ പ്രധാനമാണ്. 2. ആഹാരത്തിനു മുൻപും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. 3. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. 4. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്‌ളോറിനേറ്റ് ചെയ്യുക. 5. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്‌ളോറിനേറ്റ് ചെയ്‌ത വെള്ളം ഉപയോഗിക്കുക.
6. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. 7. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. 8. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർഥങ്ങൾ ഉപയോഗിക്കാതിരിക്കുക. 9. കടല്‍ മൽസ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ ഫിഷുകളും നന്നായി പാകം ചെയ്‌തതിന് ശേഷം മാത്രം കഴിക്കുക.
Most Read: വ്യാജ ഹെല്‍ത്ത് കാര്‍ഡ്; രണ്ടു ഡോക്‌ടർമാർക്ക് കൂടി സസ്‌പെൻഷൻ