തൃശൂർ: ജില്ലയിൽ 4 പേർക്ക് കൂടി നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ നിലവിൽ നോറോ വൈറസ് ബാധിച്ച ആളുകളുടെ എണ്ണം 60 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ക്‌ളാസുകൾ ഓൺലൈനാക്കാൻ കോളേജ് അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃശൂരിലെ സെന്റ് മേരീസ് കോളേജ് ഹോസ്‌റ്റലിലുള്ള വിദ്യാർഥികളിൽ നോറോ വൈറസ് ബാധ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോസ്‌റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഹോസ്‌റ്റലിലും പരിസരത്തും സന്ദർശനം നടത്തുകയും, ക്ളോറിനേഷൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർദ്ദേശം നൽകുകയും ചെയ്‌തു.
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗം ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളിലൂടെയാണ് ഉണ്ടാകുന്നത്. ആമാശയം, കുടൽ എന്നിവയുടെ ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കും ഈ വൈറസ് കാരണമാകുന്നു. വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്‌ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്‌ഥയിലേക്ക് പോകുകയും ചെയ്യും.
ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. കൂടാതെ രോഗബാധയുള്ള വ്യക്‌തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. വേഗത്തിൽ രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധ നൽകേണ്ടതുണ്ട്.
Read also: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ