ന്യൂഡെൽഹി: ഈമാസം 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്‌ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്‌ഥതയിൽ നടന്ന രണ്ടാം അനുരജ്‌ഞന ചർച്ചയും പരാജയപ്പെട്ട പശ്‌ചാത്തലത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ യൂണിയൻ തീരുമാനിച്ചത്.
ശനി ഞായറും തിങ്കളാഴ്‌ചത്തെ റിപ്പബ്ളിക് അവധിയും ചേർത്ത് ഇന്നുമുതൽ ചൊവ്വാഴ്‌ച വരെ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസം ആക്കണമെന്ന ശുപാർശ രണ്ടുവർഷമായിട്ടും കേന്ദ്രം നടപ്പിലാക്കാത്തതിന് എതിരെയാണ് യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്.
ഫെബി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്‌ത സംഘടനയാണ് യുഎഫ്ബിയു. വ്യാഴാഴ്‌ച നടന്ന യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും യോഗം ചേർന്നത്. എന്നാൽ, തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന് ധനമന്ത്രാലയം നിലപാടെടുത്തു.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു






































