ചാലക്കുടി: പരിസ്‌ഥിതി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി ഷോളയാര്‍ മഴക്കാടുകളില്‍ മരംമുറി ഉടന്‍ തുടങ്ങും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഗുരുതുര പാരിസ്‌ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ള പരിസ്‌ഥിതി സംഘടനകള്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.
Malabar News: മേപ്പറ്റ മലയില്‍ അനധികൃത ഖനനം; പ്രതിഷേധ മാര്‍ച്ച് നടത്തി
ഷോളയാറില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറത്തു വിടുന്ന വെള്ളം വീണ്ടും ഒരു ടണലിലൂടെ കടത്തിവിട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിത മഴക്കാടുകളില്‍ ഒന്നായ ഷോളയാര്‍ മഴക്കാടുകളിലെ എട്ട് ഹെക്റ്റർ വനമാണ് വനം വകുപ്പ് പദ്ധതിക്കായി വിട്ടു നല്‍കിയിരിക്കുന്നത്. ഇവിടെയുളള 1897 മരങ്ങളും അതിലധികം ചെറുമരങ്ങളും പദ്ധതിക്കായി മുറിച്ചു മാറ്റും. ഭൂഗര്‍ഭ ടണല്‍ ആയതിനാല്‍ അണക്കെട്ട് വേണ്ട എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, മലയിടിച്ചിലും ഉരുള്‍പൊട്ടലും പതിവായ മേഖലയാണ് ഇതിനായി കെഎസ്ഇബി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് പരിസ്‌ഥിതി പ്രവര്‍ത്തകരുടെ ആരോപണം. അടുത്ത മാസം ആദ്യവാരം മരം മുറി തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പരിസ്‌ഥിതി പ്രവര്‍ത്തരുടെ തീരുമാനം.









































