കൊച്ചി: ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ലെന്ന് നടൻ ദേവൻ. തന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ രാഷ്‌ട്രീയ പാർട്ടിയായ നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ളബിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതൃത്വം താനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ വ്യക്‌തിത്വം അടിയറവെക്കാൻ തയ്യാറല്ലാത്തതിനാൽ ബിജെപിയുടെ മുന്നണിയിൽ ചേരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നേരേയും ദേവൻ വിമർശനം ഉന്നയിച്ചു. ഇടതുസർക്കാർ ജനങ്ങളെ വഞ്ചിക്കുക ആയിരുന്നുവെന്നും സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്‌മാഭിമാനത്തെ തകർത്തുവെന്നും ദേവൻ ആരോപിച്ചു.
സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞത്. പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തോടെ പിണറായി വിജയനെ കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. പിണറായി അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തുവെന്നും ദേവൻ പറയുന്നു.
Also Read: ‘സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ
നിലവിലെ മുന്നണികൾക്കുള്ള രാഷ്‌ട്രീയ ബദലാണ് തന്റെ പുതിയ പാർട്ടി. ഇപ്പോഴത്തെ രാഷ്‌ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി മൽസരിക്കില്ല. എന്നാൽ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്‌ഥാനാർഥികൾക്ക് പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ ‘അമ്മ’യുടെ നിലപാട് ശരിയല്ലെന്നും തിരുത്തലുകൾ അനിവാര്യമാണെന്നും ദേവൻ കൂട്ടിച്ചേർത്തു.
പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ നവകേരള പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും നടത്തി. പാർട്ടി വൈസ് ചെയർമാൻ ജോസ് ഫ്രാൻസിസ്, സംസ്‌ഥാന കൗൺസിൽ അംഗം ഡോ. നിസാം, യൂത്ത് വിംഗ് പ്രസിഡണ്ട് അശോകൻ എന്നിവരും പങ്കെടുത്തു.
Also Read: വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി