ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ പുരുഷന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി മലയാളത്തിന്റെ പ്രിയ നടന് ദുല്‍ഖര്‍ സല്മാന്. മലയാളത്തിലെ മറ്റ് താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് മലയാളി താരങ്ങള്‍ ഇടം നേടിയത്.
50 പേരടങ്ങിയ പട്ടികയില്‍ ആറാം സ്ഥാനമാണ് ദുല്‍ഖര്‍ സല്മാന് നേടിയിരിക്കുന്നത്. പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മലയാളി താരങ്ങള്‍. 2018ല്‍ നടത്തിയ സര്‍വെയില്‍ പതിനാറാം സ്ഥാനത്തായിരുന്ന ബോളിവുഡ് ചലച്ചിത്ര താരം ഷാഹിദ് കപൂറാണ് ഇത്തവണ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഷാഹിദിന്റെ കബീര്‍ സിംഗ് വലിയ വിജയം നേടിയിരുന്നു. രണ്‍വീര്‍ സിംഗും വിജയ് ദേവരകൊണ്ടയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പട്ടികയില്‍ ഇരുപത്തിമൂന്നാം സ്ഥാനമാണ് പൃഥ്വിരാജ് നേടിയത്. അതേസമയം നിവിന്‍ പോളി നാല്പതാം സ്ഥാനവും നേടി. ബോളിവുഡ് താരം വിക്കി കൗശല്‍ ആണ് പട്ടികയില്‍ നാലാമത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി ദുല്‍ഖറിന് മുന്‍പായി അഞ്ചാം സ്ഥാനം കരസ്ഥമാക്കി. വരുണ്‍ ധവാന്, കെഎല്‍ രാഹുല്‍, ശിവകാര്ത്തികേയന് , ആദിത്യ റോയ് കപൂര്‍, രാംചരന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കൂടുതലും യുവതാരങ്ങളാണ് ഇത്തവണ പട്ടികയില്‍ നിറഞ്ഞിരിക്കുന്നത്. ഇത് കൂടാതെ എക്കാലത്തെയും ആകര്‍ഷകത്വമുള്ള നടന്മാരുടെ പട്ടികയും ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടിരുന്നു. നേരത്തെ തന്നെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സൂപ്പര്‍ താരങ്ങളായ സല്മാന് ഖാന്, ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍, ആമിര്‍ ഖാന്, മഹേഷ് ബാബു എന്നിവര്‍ക്കുപുറമെ ഹൃത്വിക് റോഷനും ഇത്തവണ പട്ടികയില്‍ ഇടം നേടി.