തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം മാന്യനും സത്യസന്ധനുമാണ്. സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്‌തിയാണെന്നും കടകംപള്ളി പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ രവീന്ദ്രന്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അദ്ദേഹം ബോധപൂർവം മാറിനിൽക്കില്ല. രവീന്ദ്രന് സുഖമില്ല. മൂന്നല്ല 30 പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിൽസിച്ചേ പറ്റൂ. രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാം. സ്വപ്‌നയുടെ മൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ല. കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാദ്ധ്യമങ്ങൾ തന്നെ അറിയുന്നതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് മുന്‍പേ രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡിന് ശേഷം തനിക്ക് തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്‍നങ്ങള്‍ ഉണ്ടെന്നും അതിന്റെ ഭാഗമായാണ് ചികില്‍സക്ക് എത്തിയതെന്നുമാണ് സിഎം രവീന്ദ്രന്റെ വിശദീകരണം. രവീന്ദ്രനെ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കാനാണ് ഡോക്‌ടര്‍മാരുടെ തീരുമാനം.
കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍. മാത്രമല്ല സിഎം രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Also Read: സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയിൽ








































