ഡെൽഹി: ഇംഗ്ളണ്ട് ആസ്ഥാനമായ ഓക്സ്ഫഡ് സർവകലാശാല യുകെ ആസ്ഥാനമായ പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനക്കയും ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റൃൂട്ടുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ ‘കോവിഷീൽഡ്’ ജനുവരിമാസം അവസാനത്തോടെ പൊതു സമൂഹത്തിന് നൽകിത്തുടങ്ങും.
‘കോവിഷീൽഡ്’ വാക്സിൻ ആദ്യം നൽകേണ്ടവരുടെ മുൻഗണനാ പട്ടിക ആരോഗ്യമന്ത്രാലയം തയാറാക്കിയിട്ടുണ്ട്. മുൻനിര കോവിഡ് പോരാളികൾ, മുതിർന്നവർ, കോവിഡ് പിടിപെടാൻ സാധ്യത കൂടിയ റിസ്ക് ഗ്രൂപ്പുകൾ തുടങ്ങിയവർക്കാണ് ആദ്യപരിഗണന. വാക്സിൻ ലഭ്യതയനുസരിച്ച് ഈ പരിഗണനയിൽ മാറ്റമുണ്ടാകും.
225 രൂപയാണ് ഇപ്പോൾ ഒരു ഡോസിന് പ്രതീക്ഷിക്കുന്ന വില. ആദ്യ കുറച്ചു ഡോസുകൾ മാത്രമാണ് ഈ വിലയിൽ ലഭിക്കുക. ലോകാരോഗ്യ സംഘടന ഉൾപ്പടെ അനേകം സംഘടനകളുടെ വിവിധ സബ്സിഡി വഴിയാണ് ഇത്രയും ചെറിയ വിലക്ക് ആദ്യഘട്ടത്തിൽ ലഭ്യമാകുക. എന്നാൽ പിന്നീടുള്ള ഡോസുകൾക്ക് കൂടുതൽ വില ഈടാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
ഇന്ത്യയിൽ വിതരണാനുമതി ലഭിച്ച ഏക വാക്സിനും ‘കോവിഷീൽഡ്’ മാത്രമാണ്. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയെങ്കിലും ഫൈസർ–ബയേൺടെക് വാക്സിൻ ഉൾപ്പടെ മറ്റൊന്നിനും ഇന്ത്യയിൽ അന്തിമാനുമതി ലഭിച്ചിട്ടില്ല. ഫൈസർ, മൊഡേണ, സിനോഫോം, ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിക്കുന്ന കോവാക്സിൻ അടക്കം ആറ് വാക്സിനുകളാണ് ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
അഹമ്മദാബാദിലെ കോഡില ഹെൽത്ത് കെയർ നിർമിക്കുന്ന ZyCOV-D, സിറം ഇൻസ്റ്റിറ്റൃൂട്ടും നോവാവാക്സും ചേർന്ന് വികസിപ്പിക്കുന്ന VX-CoV2373 എന്നിവയും പരീക്ഷണ ഘട്ടം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. നിലവിൽ മൂന്ന് വാക്സിൻ നിർമാതാക്കളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.
‘കോവിഷീൽഡ്’ വാക്സിൻ 70 ശതമാനം ഫലപ്രദമെന്നാണ് റിപ്പോർട്ട്. വാക്സിന്റെ വിവിധ പരീക്ഷണ ഘട്ടങ്ങളിൽ ലോകത്ത് എവിടെയും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്സിന് 95 ശതമാനം ഫലപ്രദമാണെന്നാണ് കഴിഞ്ഞ ദിവസം കമ്പനി പറഞ്ഞിരുന്നത്. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേണ വികസിപ്പിക്കുന്ന വാക്സിന് 94.5 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നും അവകാശവാദം ഉയർന്നിരുന്നു.
എന്നാൽ ‘കോവിഷീൽഡ്’ പരീക്ഷണവും നിർമാണവും വിതരണവും അടിയന്തരമായി നിർത്തി വെക്കണമെന്ന് ചെന്നൈയിൽനിന്നുള്ള ഒരു സന്നദ്ധ പ്രവർത്തകൻ മുൻപ് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലാണ് കോവിഷീൽഡിന്റെ ഒരു ഷോട്ട് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. ആദ്യ ഡോസ് എടുത്തതിനു പിന്നാലെ തനിക്കുണ്ടായ നാഡീവ്യൂഹ, മാനസിക പ്രശ്നങ്ങൾക്ക് 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇദ്ദേഹം രംഗത്ത് വന്നിരുന്നത്.
പിന്നീട്, ഇദ്ദേഹത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അപകീർത്തിപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിൽ ഇദ്ദേഹത്തോട് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും കമ്പനി അറിയിച്ചിരുന്നു. വാക്സിൻ പൂർണ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി.
Most Read: പാകിസ്ഥാനിൽ അമ്പലങ്ങളുടെ ആവശ്യമില്ല; കുപ്രസിദ്ധ പ്രഭാഷകൻ സാകിർ നായിക്







































