ബങ്കാപുർ: കൊപ്പാലിലെ ബങ്കാപുരിനെ ചെന്നായ് സങ്കേതമായി വൈകാതെ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കർണാടക വന്യജീവി ബോർഡിന്റെ പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുളളത്. കൊപ്പാൽ ബങ്കാപുരിലെ 822.03 ഏക്കർ വരുന്ന വനമേഖലയാണ് ചെന്നായ് സങ്കേതമാക്കാൻ ഒരുങ്ങുന്നത്.
‘ഇന്ത്യൻ ഗ്രേ വുൾഫ്‘ എന്നറിയപ്പെടുന്ന കാട്ടുനായ്‌ക്കൾ ഏറെ കാണപ്പെടുന്ന ബങ്കാപുർ മേഖല ചെന്നായ്‌ക്കൾക്കുള്ള സങ്കേതമായി പ്രഖ്യാപിക്കുന്നതോടെ ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾ ഒരുക്കാൻ സാധിക്കും. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിന് പുറമെ ഇന്ത്യൻ കുറുക്കൻ, കുറുനരി എന്നിവയും മേഖലയിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മാണ്ഡ്യയിലെ മേലുകോട്ടെയിലാണ് രാജ്യത്തെ ആദ്യത്തെ ചെന്നായ് സങ്കേതമുള്ളത്. മൈസൂരു മഹാരാജാവിന്റെ കാലത്താണ് ഈ ചെന്നായ് സങ്കേതം സ്‌ഥാപിച്ചത്. പിന്നീട് മേഖലയിലുണ്ടായ കടുത്ത വരൾച്ച മൂലം ജലക്ഷാമം നേരിട്ടതോടെ ചെന്നായ്‌ക്കൾ ഇവിടെ നിന്നും കാടുകടക്കുകയായിരുന്നു. ഒരു ദശകത്തിൽ ഏറെയായി ഈ സങ്കേതം സംബന്ധിച്ച് വിവരശേഖരണമൊന്നും നടക്കുന്നില്ല.
അരസിക്കര മേഖല കേന്ദ്രീകരിച്ച് അരസിക്കര കരടി സങ്കേതം സ്‌ഥാപിക്കാനും ഹെസർഘട്ടയിലെ പുൽമേടുകൾ ഉൾപ്പെടുന്ന പ്രദേശം കൺസർവേഷൻ റിസർവായി പ്രഖ്യാപിക്കാനും കർണാടക വന്യജീവി ബോർഡ് നീക്കങ്ങൾ നടത്തുന്നുണ്ട്.
Read also: ഡ്രാഗണ്‍ ഫ്രൂട്ടിന് പേര് മാറ്റം; ഗുജറാത്തില്‍ ഇനി അറിയപ്പെടുക ‘കമലം’ എന്ന പേരില്‍








































