തിരുവനന്തപുരം: സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ നെയ്യാറ്റിൻകര പോലീസ് വരുത്തിയ വീഴ്ചകൾ പരാതിയിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
നെയ്യാറ്റിൻകര സ്വദേശികളായ യുവാക്കളെ കബളിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് ചെയ്ത് 6 മാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.
സർക്കാരിലുള്ള സ്വാധീനം മറയാക്കിയാണ് സരിത തട്ടിപ്പ് നടത്തിയത്. മന്ത്രിമാരുമായും സർക്കാരിലും തനിക്ക് നല്ല സ്വാധീനമുണ്ടെന്ന് സരിത അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ ഒട്ടേറെ വകുപ്പുകളിൽ സരിത വഴി പിൻവാതിൽ നിയമനം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നുണ്ട്. ആരോഗ്യകേരളം, കേരളം ബാങ്ക്, സിഡിറ്റ്, കെൽട്രോൺ, കെഎംസിഎൽ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് പിന്നിൽ സരിതക്ക് പങ്കുള്ളതായാണ് വിവരം. ഈ സാഹചര്യത്തിൽ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് തിരുവനന്തപുരം സ്വദേശിയും കോൺഗ്രസ് നേതാവ് എം മുനീറും നൽകിയ പരാതിയിൽ പറയുന്നു. വിശദ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്നാണ് ആവശ്യം.
Read also: 40 ലക്ഷം ട്രാക്ടറുകൾ അണിനിരത്തി റാലി നടത്തും; രാകേഷ് ടിക്കായത്








































