തിരുവനന്തപുരം: സോളാർ പീഡനകേസിൽ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്‌തമാക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെൽഹിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയത്.
എന്നാൽ, തണുപ്പായത് കൊണ്ടാണോ വെയിലത്ത് നിൽക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു. പറയാനുള്ളപ്പോൾ വന്ന് പറയും. നിങ്ങൾക്ക് ആവശ്യം ഉള്ളത് പറയിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഇപി ജയരാജന്റെ സാമ്പത്തിക ആരോപണ വിവാദത്തിലും സമാന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും കൂടി സിബിഐ ക്ളീൻ ചീറ്റ് നൽകിയിരുന്നു. പരാതികളിൽ തെളിവില്ലെന്ന് കണ്ടത്തി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്‌തമാക്കി. ഉമ്മൻചാണ്ടി ക്ളിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
എന്നാൽ, ഇത് വസ്‌തുതാ വിരുദ്ധമായ ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ ദിവസം ഉമ്മൻചാണ്ടി ക്ളിഫ് ഹൗസിൽ ഇല്ലായിരുന്നെന്നും സിബിഐ കണ്ടെത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് അബ്‌ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ, ഈ ആരോപണത്തിൽ തെളിവുകൾ ഇല്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
വിവാദമായ സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്‌റ്റർ ചെയ്‌തിരുന്നത്. നേരത്തെ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ, കെസി വേണുഗോപാൽ എന്നിവർക്ക് സിബിഐ ക്ളീൻ ചീറ്റ് നൽകിയിരുന്നു. അതിനിടെ, സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
‘വൈരാഗ്യപരമായ ബുദ്ധിയോടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ, തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും വിഡി സതീശൻ ആരോപിച്ചു. പോലീസ് അന്വേഷിച്ച് ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും’ വിഡി സതീശൻ ആവശ്യപ്പെട്ടു.
‘സോളാർ കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്ക് ഉണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സിപിഎം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസാകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറെ ഒരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ആ കേസ് വിടാത്തതെന്നും’- അദ്ദേഹം ചോദിച്ചു.
‘സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. ഇതിന്റെ തെളിവാണ് ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് ട്രോഫി സമ്മാനിച്ചതിലൂടെ ഇപ്പോൾ പുറത്തുവന്നത്. റിസോർട് വിവാദത്തിൽ വസ്‌തുത പുറത്ത് വിടണം. എന്തുകൊണ്ടാണ് ഒളിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രിയാണ് വ്യക്‌തമാക്കേണ്ടത്. നാട്ടിൽ നടത്തുന്ന അഴിമതി അന്വേഷിക്കണോ എന്ന് പാർട്ടിയല്ല തീരുമാനിക്കേണ്ടത്. ഇത് അഴിമതി കേസ് ആണ്. എകെജി സെന്ററിൽ ഒതുക്കേണ്ട വിഷയമല്ലെന്നും’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
Most Read: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; പരാതികളിൽ പരിഹാരമില്ല