തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്‌ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. എന്നാൽ, പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ ഭൂപടത്തിലും ചില അപാകതകൾ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം വിദഗ്‌ധ സമിതി വിലയിരുത്തിയത്.
വ്യക്‌തിഗത വിവരങ്ങൾ ഭൂപടത്തിൽ ഉണ്ടാകും. ഈ ഭൂപടം കൂടി വരുമ്പോൾ ആശയക്കുഴപ്പം കൂടുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്. ഒരേ സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർസോണിന് അകത്തും ചിലത് പുറത്തുമാണ്. സീറോ ബഫർസോൺ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നൽകാനുള്ള സമയ പരിധി ജനുവരി ഏഴിന് തീരും.
11ന് സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ പരാതിയിലെ പരിശോധനക്ക് അധിക ദിവസം കിട്ടില്ല. പരാതി പരിഹാരത്തിലെ ഈ കാലതാമസം സുപ്രീം കോടതിയിൽ നൽകേണ്ട റിപ്പോർട് തയ്യാറാക്കുന്നതിനെയും ബാധിക്കുമെന്നാണ് ആശങ്ക. അതിനിടെ, ഉപഗ്രഹ സർവേയിൽ ലഭിച്ച 20,000ത്തോളം പരാതികളിൽ ഒന്നിൽപോലും പരിഹാരമാകാതെ കെട്ടിക്കിടക്കുക ആണെന്നാണ് വിവരം.
ഫീൽഡ് പരിശോധനയിൽ തുടരുന്ന ആശയക്കുഴപ്പമാണ് പ്രതിസന്ധിക്ക് കാരണം. ഫീൽഡ് പരിശോധന എങ്ങനെ വേണമെന്നും വിവരങ്ങൾ എങ്ങനെ കൈമാറണമെന്നും വ്യക്‌തമായ നിർദ്ദേശം ഇല്ലാത്തതാണ് പഞ്ചായത്ത് അധികൃതരെ കുഴയ്‌ക്കുന്നത്. വിവരങ്ങൾ നൽകാൻ തയ്യാറാക്കുമെന്ന് അറിയിച്ച ആപിന്റെ സേവനം ലഭ്യമായി തുടങ്ങിയിട്ടില്ല. ഫീൽഡ് പരിശോധനക്കുള്ള പരിശീലനവും ട്രാക്കിലായിട്ടില്ല.
പരാതിയിൻമേലുള്ള പ്രാദേശിക റിപ്പോർട് എങ്ങനെ കൈമാറുമെന്ന പഞ്ചായത്തുകളുടെ ചോദ്യത്തിനും വ്യക്‌തമായ ഉത്തരമില്ല. ബഫർസോണിൽ ഇ-മെയിലായും പഞ്ചായത്തുകൾ വഴിയും ഇതുവരെ ലഭിച്ചത് 20,000 ത്തോളം പരാതികളാണ്. പരാതികളിൽ വാർഡുതല സമിതി പരിശോധന നടത്തി റിപ്പോർട് കൈമാറണമെന്നാണ് നിർദ്ദേശം. പിന്നീട് ഇത് അന്തിമ റിപ്പോർട്ടിൽ ചേർക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഒന്നിൽപോലും പരിഹാരമായില്ല.
Most Read: ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടി; ആദ്യമായി പ്രതികരിച്ച് എംവി ഗോവിന്ദൻ