കോട്ടയം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മാണി സി കാപ്പനെ വരവേൽക്കാൻ എൻസിപി കോട്ടയം ജില്ലാ നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച പാലായിൽ ഐശ്വര്യ കേരളയാത്രയിൽ അണികൾക്കൊപ്പം കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. 12 ജില്ലാ കമ്മറ്റികളിൽ 8 കമ്മറ്റികളും അദ്ദേഹത്തിനൊപ്പം എന്നാണ് അവകാശവാദം.
കാപ്പന്റെ യുഡിഎഫ് പ്രവേശനത്തോട് അനുബന്ധിച്ച് ഞായറാഴ്ച വലിയ ആഘോഷങ്ങളാണ് എൻസിപി കോട്ടയം ജില്ലാ കമ്മറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വീകരണത്തിനുള്ള ചുമതല പാലാ മണ്ഡലം കമ്മറ്റിക്കാണ്. ചടങ്ങുകൾ എങ്ങനെ, എപ്പോൾ എന്ന് വിശദീകരിക്കുന്ന നോട്ടീസ് തന്നെ കമ്മറ്റി തയാറാക്കിയിട്ടുണ്ട്.
രാവിലെ 10 മണിക്ക് പാലം ജംഗ്ഷനിൽ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വേദിയിലേക്ക് കാപ്പനും അണികളും എത്തും. 9.30ന് തന്നെ ആർവി പാർക്കിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥ ആരംഭിക്കും.
100 ബൈക്കുകളും ആയിരത്തിനടുത്ത് പ്രവർത്തകരോടുമൊപ്പം നഗരം ചുറ്റിയ ശേഷമാണ് കാപ്പൻ വേദിയിൽ എത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ഇതേസമയം വേദിയിൽ ഉണ്ടാകും. കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് സ്വീകരണ പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
എറണാകുളം നിയോജക മണ്ഡലം കമ്മറ്റി ഐശ്വര്യ കേരളയാത്രക്ക് സ്വാഗതമോതി ഇതിനോടകം തന്നെ പോസ്റ്ററുകൾ ഇറക്കി പ്രചാരണം തുടങ്ങി. അതേസമയം, ഇടതുമുന്നണി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പരമാവധി നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കവും കാപ്പൻ ആരംഭിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം കമ്മറ്റികൾ ഉൾപ്പടെ എട്ട് ജില്ലാ കമ്മറ്റികൾ കാപ്പന് പിന്തുണ പ്രഖ്യാപിച്ചു എന്നാണ് സൂചന.
Also Read: പെൻഷൻ പരിഷ്കരണം; 2019 ജൂലൈ മുതൽ പ്രാബല്യം നൽകാൻ തീരുമാനം





































