ഡെൽഹി: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം അന്തിമ സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ എംപിമാർ മൽസരിക്കുമോയെന്ന് നാളെ വ്യക്‌തമാകുമെന്നും പറഞ്ഞു. താൻ മൽസരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കി.
മുൻ മന്ത്രി കെ ബാബുവിനെ വീണ്ടും തൃപ്പുണിത്തറയിൽ മൽസരിപ്പിക്കാൻ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. സാധ്യതാ പട്ടികയിൽ കെ ബാബു ഇടം പിടിച്ചു. കണ്ണൂരിൽ സതീശൻ പാച്ചേനിയും ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടിയുമാണ് പരിഗണനയിലുള്ളത്.
കോഴിക്കോട് നോർത്തിൽ കെഎസ്‍യു നേതാവ് കെഎം അഭിജിത്തും കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കനുമാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത്. വാമനപുരം മണ്ഡലത്തിൽ ആനാട് ജയൻ, പാറശാലയിൽ അൻസജിത റസൽ എന്നിവരെയും പരിഗണിക്കുന്നു.
വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും വീണ എസ് നായരെയും പരിഗണിക്കുന്നുണ്ട്. കാട്ടാക്കടയിൽ ആർവി രാജേഷിനെയും നെയ്യാറ്റിൻകര സനലിനെയും സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയൻകീഴ്‍ വേണുഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.
Also Read: ശക്‌തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്







































