കുവൈറ്റ് സിറ്റി: കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്തില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍. മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. കോവിഡ് കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവൽകരണം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളും പ്രവാസികളുടെ എണ്ണം കുറയാന്‍ കാരണമായി.
2020 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 1.459 ദശലക്ഷം സ്വദേശികളും 3.210 ദശലക്ഷം പ്രവാസികളും ചേരുന്നതാണ് കുവൈറ്റിലെ ആകെ ജനസംഖ്യ. വിദേശികളുടെ എണ്ണം കുറച്ച് രാജ്യത്തെ ജനസംഖ്യയില്‍ സന്തുലനമുണ്ടാക്കാനാണ് കുവൈറ്റ് അധികൃതരും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം വിദേശികളുടെ എണ്ണത്തില്‍ നാല് ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. ആകെ ജനസംഖ്യയില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടായി.
കുവൈറ്റ് വിട്ട പ്രവാസികളില്‍ 52 ശതമാനവും ഇന്ത്യക്കാരാണ്. 22.5 ശതമാനം ഈജിപ്തുകാരും 10 ശതമാനം ബംഗ്ളാദേശ് സ്വദേശികളും 4.5 ശതമാനം ഫിലിപ്പൈനികളുമാണ്. പുതിയ വിസകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വിസ പുതുക്കുന്നതിന് പ്രായ പരിധി അടക്കമുള്ള നിബന്ധനകള്‍ കൊണ്ടുവന്നതും പ്രവാസികളുടെ എണ്ണം ഇനിയും കുറയാന്‍ കാരണമാവും.
Kerala News: മുന്‍ മന്ത്രി ആര് ബാലകൃഷ്ണ പിളളയുടെ ആരോഗ്യ നില ഗുരുതരം







































