തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചിഹ്നത്തെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് അവസാനം. പിജെ ജോസഫ് വിഭാഗത്തിലെ എല്ലാ സ്ഥാനാർഥികൾക്കും ‘ട്രാക്ടർ ഓടിക്കുന്ന കർഷകൻ’ ചിഹ്നം അനുവദിച്ചു. പാലായിൽ ജോസ് കെ മാണിക്ക് എതിരെ മൽസരിക്കുന്ന എൻസികെ സ്ഥാനാർഥി മാണി സി കാപ്പനും ‘ട്രാക്ടർ ഓടിക്കുന്ന കർഷകൻ’ ചിഹ്നമായി ലഭിച്ചു.
പിസി ജോർജിന് ‘തൊപ്പി’ ചിഹ്നവും ചങ്ങാനാശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വിജെ ലാലിക്ക് ‘ട്രാക്ടറും’ ചങ്ങനാശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷിന് ‘ഓട്ടോറിക്ഷ’യും ചിഹ്നമായി അനുവദിച്ചു.
രണ്ടിലക്കായുള്ള നിയമ പോരാട്ടത്തിൽ ജോസ് കെ മാണിയോട് പരാജയപ്പെട്ട ജോസഫ് വിഭാഗത്തിന് ഇനി എന്താകും ചിഹ്നം എന്നും എല്ലാവർക്കും ഒരേ ചിഹ്നം കിട്ടുമോ എന്നുമൊക്കെയുള്ള ആകാംക്ഷക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. ‘ട്രാക്ടർ ഓടിക്കുന്ന കർഷക’ന്റെ ചിഹ്നം പാർട്ടിക്ക് അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് പിജെ ജോസഫ് പറഞ്ഞു.
ഡെൽഹിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഈ ചിഹ്നത്തിന് ഏറെ പ്രസക്തിയുണ്ട്. വരും ദിവസങ്ങളിൽ ചിഹ്നവുമായി സ്ഥാനാർഥികൾ പ്രചാരണത്തിൽ സജീവമാകും. 10 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും പിജെ ജോസഫ് പറഞ്ഞു.
Also Read: കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസിനുള്ള ഇടവേള 8 ആഴ്ച വരെയാക്കാൻ നിർദേശം







































