കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നൽകിയ ഹരജിയിൽ ഹൈക്കോടതിയുടെ വിലയിരുത്തൽ ബിജെപി സ്ഥാനാർഥികൾക്ക് അനുകൂലം. തലശേരിയിലെ സ്ഥാനാർഥിയുടെ പത്രികയോടൊപ്പം നൽകിയ ഫോമിലെ അപാകത പരിഹരിക്കാൻ അവസരം നൽകാത്തത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. തലശേരിയിലെ സ്ഥാനാർഥി എൻ ഹരിദാസിന്റെ ഫോം എയിൽ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
ഒപ്പിട്ട് തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. പിന്നീട് സൂക്ഷ്മ പരിശോധനാ ദിവസം ദേശീയ അധ്യക്ഷൻ ഒപ്പിട്ട ഫോം നൽകിയിട്ടും പത്രിക തള്ളുകയായിരുന്നു എന്ന ഹരജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതിയുടെ വിലയിരുത്തൽ.
ദേവികുളം സ്ഥാനാർഥി ആർഎം ധനലക്ഷ്മിയുടെ ഫോം 26ൽ നൽകിയ സത്യവാങ് മൂലം പഴയ ഫോർമാറ്റിൽ ആണെന്ന പേരിലാണ് പത്രിക തള്ളിയത്. എന്നാൽ, ഇതേ ഫോർമാറ്റിൽ നൽകിയ ഇടുക്കി, ഉടുമ്പൻചോല മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചെന്ന് ഹരജിയിലൂടെ ധനലക്ഷ്മി കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിയാണെങ്കിൽ നടപടി വിവേചനപരമാണെന്നും റിട്ടേണിങ് ഓഫീസർമാരുടെ പക്ഷപാത സമീപനമാണ് വ്യക്തമാകുന്നതെന്നും കോടതി വിലയിരുത്തി.
അതേസമയം, കോടതിക്ക് തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർഥികളുടെ ഹരജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ കോടതിയുടെ ഇടപെടലുണ്ടാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പത്രിക തള്ളുകയോ സ്വീകരിക്കുകയോ ചെയ്തതിനെ ആർട്ടിക്കിൾ 226 പ്രകാരം ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വിശദീകരിച്ചു. ഇതോടെ എൻഡിഎ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. മൂന്ന് മണ്ഡലങ്ങളിലാണ് ഇപ്പോൾ പാർട്ടിക്ക് സ്ഥാനാർഥികൾ ഇല്ലാതായിരിക്കുന്നത്.
Also Read: ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ








































