കൊച്ചി: മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനായി തിരച്ചിൽ വ്യാപകമാക്കി പോലീസ്. ഇയാൾക്കായി ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലും കൊല്ലൂർ വനമേഖലയിലും പോലീസ് തിരച്ചിൽ ഊർജിതമാക്കി.
മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കൊല്ലൂരിലെ വനമേഖലയിലേക്ക് കടന്നതായാണ് സൂചന. കൊല്ലൂർ മൂകാംബികയിൽ നിന്ന് ബസ് മാർഗം വനമേഖലക്ക് സമീപം എത്തിയതായി നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ പ്രദേശത്ത് തിരച്ചിൽ ശക്‌തമാക്കിയത്. കേരള പോലീസിനെ സഹായിക്കാനായി കർണാടക പോലീസും കർണാടക വനംവകുപ്പും രംഗത്തുണ്ട്.
അതിനിടെ സനുമോഹന്റേതെന്ന് കരുതുന്ന കാർ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി. സനുമോഹന്റെ കാർ ആണെന്ന സംശയത്തെ തുടർന്ന് കോയമ്പത്തൂർ പോലീസാണ് ഇക്കാര്യം കേരള പോലീസിനെ അറിയിച്ചത്. എന്നാൽ ഈ കാർ ഇയാളുടേത് തന്നെയാണോയെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല.
നിലവിൽ കേരള പോലീസിന്റെ 6 സംഘങ്ങളാണ് ഇയാൾക്കായി കർണാടക കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. കർണാടകയിലെ റെയിൽവേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന തുടരുകയാണ്. അയൽസംസ്‌ഥാനങ്ങളായ ഗോവയിലേക്കും ആന്ധ്രാപ്രദേശിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
മൊബൈൽ ഫോണോ എടിഎം കാർഡോ സനുമോഹൻ ഉപയോഗിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. കാർ വിറ്റുകിട്ടിയ കാശ് കൊണ്ടാകാം ഇയാൾ ചിലവുകൾ നടത്തുന്നത്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാകാം ഇയാൾ യാത്ര ചെയ്യുന്നതെന്നും പോലീസ് പറയുന്നു. അതേസമയം, സനുമോഹൻ ഉടൻ തന്നെ പിടിയിലാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Read also: കോവിഡ്; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി







































