കൊച്ചി: 13 വയസുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, ലഹരിക്ക് അടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
അതേസമയം, പ്രതിയുടെ ശിക്ഷാവിധിയിൽ ഉച്ചകഴിഞ്ഞു വാദം നടക്കും. 2021 മാർച്ച് 21ന് വൈകിട്ടാണ് എറണാകുളത്ത് നിന്ന് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22ന് ഉച്ചയോടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പിതാവ് സനു മോഹനിലേക്ക് അന്വേഷണം നീളുകയായിരുന്നു.
കടബാധ്യതകളുള്ള സനു മോഹൻ മകളെ കൊന്ന് ആത്‌മഹത്യ ചെയ്‌തു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ നാടുവിട്ടെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷമാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വൈഗ കൊല്ലപ്പെട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിലെ കൊല്ലൂരിൽ നിന്ന് സനു മോഹൻ പിടിയിലായത്.
രാജ്യ വ്യാപകമായി തെളിവെടുപ്പ് നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു ഇത്. തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര, ഗോവ, ബിഹാർ സംസ്‌ഥാനങ്ങളിൽ പോയി പോലീസ് തെളിവ് ശേഖരിച്ചിരുന്നു. വൈഗയെ കൊന്നത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ സനു മോഹൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീട് പുഴയിൽ തള്ളുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.
കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്‍മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞ ശേഷം ഒളിവിൽ കഴിയുന്നതിനിടെ മൂന്ന് തവണ ആത്‍മഹത്യക്ക് ശ്രമിച്ചു. ഭാര്യയെ ഏൽപ്പിക്കാൻ താൽപര്യം ഇല്ലാത്തതിനാലാണ് മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്.
Most Read| ഇന്ത്യയിലുള്ള പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ സുരക്ഷാ കൗൺസിൽ