മുംബൈ: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടു.
പുണെയിൽ സ്‌റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ടു പേരിൽ നിന്നായി ആറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ കേസ്. പോലീസ് പിടിയിലാകുമെന്ന് മനസിലാക്കിയ സനുമോഹൻ കേരളത്തിലെത്തി കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ ഒളിവിലെന്ന പോലെ കഴിയുകയായിരുന്നു.
ഇതിനിടെയാണ് മകൾ വൈഗയെ കൊലപ്പെടുത്തിയത്. കൊലക്കേസിൽ അറസ്‌റ്റിലായ വിവരം കേരളാ പോലീസ് അറിയിച്ചതിനെ തുടർന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ എത്തിയിരുന്നു. കോടതി അനുമതിയോടെ ജയിലിലെത്തി സനുമോഹനെ അറസ്‌റ്റ് ചെയ്‌തു. തുടർന്ന് മുംബൈ ചീഫ് മെട്രോപ്പൊളിറ്റൻ കോടതിയുടെ വാറണ്ട് ഹാജരാക്കിയാണ് സനുമോഹനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ഇയാളെ തിരികെ കൊച്ചിയിലെത്തിക്കും.
Also Read: ബംഗാളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മമത ബാനർജി