കൊച്ചി: 13 വയസുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവ് വിധിച്ചു. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. സനു മോഹൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞു. ഇന്ന് രാവിലെ മുതൽ വാദം കേട്ട ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം, തട്ടിക്കൊണ്ടുപോകൽ, മദ്യം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റു വകുപ്പുകളിൽ 28 വർഷം തടവുമാണ് വിധിച്ചത്. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. അതേസമയം, 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല.
2021 മാർച്ച് 21ന് വൈകിട്ടാണ് എറണാകുളത്ത് നിന്ന് സനു മോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22ന് ഉച്ചയോടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പിതാവ് സനു മോഹനിലേക്ക് അന്വേഷണം നീളുകയായിരുന്നു. വൈഗ കൊല്ലപ്പെട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിലെ കൊല്ലൂരിൽ നിന്ന് സനു മോഹൻ പിടിയിലായത്.
വൈഗയെ കൊന്നത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ സനു മോഹൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീട് പുഴയിൽ തള്ളുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്‍മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞ ശേഷം ഒളിവിൽ കഴിയുന്നതിനിടെ മൂന്ന് തവണ ആത്‍മഹത്യക്ക് ശ്രമിച്ചു. ഭാര്യയെ ഏൽപ്പിക്കാൻ താൽപര്യം ഇല്ലാത്തതിനാലാണ് മകളെ കൊന്നതെന്നും സനുവിന്റെ മൊഴിയിലുണ്ട്.
Most Read| ഭാരത് ജോഡോ രണ്ടാംഘട്ടം; 6,200 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി