ഭാരത് ജോഡോ രണ്ടാംഘട്ടം; 6,200 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി

ജനുവരി 14 മുതൽ 20 വരെ 'ഭാരത് ന്യായ്' എന്ന പേരിൽ മണിപ്പൂർ മുതൽ മുംബൈ വരെ 6200 കിലോമീറ്റർ ദൂരമാണ് യാത്ര.

By Trainee Reporter, Malabar News
Bharat jodo yathra
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയുടെ രണ്ടാംഘട്ടം ജനുവരി 14 മുതൽ ആരംഭിക്കും. ജനുവരി 14 മുതൽ 20 വരെ ‘ഭാരത് ന്യായ്’ എന്ന പേരിൽ മണിപ്പൂർ മുതൽ മുംബൈ വരെ 6,200 കിലോമീറ്റർ ദൂരമാണ് യാത്ര. കന്യാകുമാരി മുതൽ കശ്‌മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം, രാഹുൽ ഗാന്ധി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് യാത്ര തുടങ്ങുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അറിയിച്ചു.

ഭാരത് ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരിലെ ഇംഫാലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫ്‌ളാഗ്‌ ഓഫ് ചെയ്യും. മണിപ്പൂർ, നാഗാലൻഡ്, അസം, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കാൽനടയായി 6,200 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര മഹാരാഷ്‌ട്രയിൽ സമാപിക്കും.

14 സംസ്‌ഥാനങ്ങളിലെ 85 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോവുക. കഴിഞ്ഞ വർഷം സെപ്‌തംബറിൽ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അണിനിരന്ന യാത്ര അഞ്ചുമാസത്തെ കാൽനട ജാഥയ്‌ക്ക് ശേഷം ഈ വർഷം ജനുവരിയിലാണ് ശ്രീനഗറിൽ സമാപിച്ചത്.

ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ചരിത്ര യാത്രയായിരുന്നു ഭാരത് ജോഡോയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കന്യാകുമാരി മുതൽ കശ്‌മീർ വരെ 4,500 സഞ്ചരിച്ചാണ് രാഹുൽ യാത്ര പൂർത്തിയാക്കിയത്. ഈ യാത്രയിൽ നിന്നുള്ള അനുഭവം ഉൾക്കൊണ്ടാണ് അദ്ദേഹം ഭാരത് ന്യായ് യാത്ര നടത്തുന്നത്. രാജ്യത്തെ സ്‌ത്രീകളും യുവാക്കളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹവുമായി രാഹുൽ ആശയവിനിമയം നടത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ജോഡോ യാത്രയുടെ രണ്ടാംഘട്ടം നടത്താൻ എഐസിസി തീരുമാനിച്ചത്. കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ഭാരത് ജോഡോ യാത്ര മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് അവിടെ നിന്ന് യാത്ര തുടങ്ങുന്നതെന്നും, തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്‌തമാക്കി.

Most Read| ഇന്ത്യയിലുള്ള പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ സുരക്ഷാ കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE