കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്തില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ 7,8 ഘട്ടങ്ങൾ ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ അവ ഒരുമിച്ച് നടത്താൻ സാധിക്കില്ലെന്നും, നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസിനോട് വ്യക്തമാക്കി.
അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്താത്ത സാഹചര്യത്തിൽ ഏഴാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 26ആം തീയതിയും, എട്ടംഘട്ട തിരഞ്ഞെടുപ്പ് 29ആം തീയതിയും നടക്കും. അതേസമയം തന്നെ പശ്ചിമ ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. ഉത്തര്‍ ദിനാജ് പൂര്, പൂരവ്വാ ബര്ധ്വാന്, നാദിയ, 24 പര്‍ഗാന എന്നീ ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
779 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങള്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് ഇന്ന് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മുള്ളിക്ക്, ചന്ദ്രിമ ഭട്ടാചാര്യ മുതിര്‍ന്ന ബിജെപി നേതാക്കളായ മുകള്‍ റോയ്, രാഹുല്‍ സിന്‍ഹ തുടങ്ങി നിരവധി പ്രമുഖരും ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നുണ്ട്. കൂടാതെ വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിൽ 32 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കൂടിയാണ്.
Read also : കനത്ത വേനൽമഴ, ശക്തമായ കാറ്റ്; മലയോര മേഖലയിൽ വ്യാപക നാശം







































