ബെംഗളൂരു: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആഗോള ടെക് കമ്പനികള്‍ക്ക് എതിരെ പുതിയ കൂട്ടായ്‌മയുമായി ഇന്ത്യന്‍ കമ്പനികള്‍. ഇന്റര്‍നെറ്റ്, സ്‌റ്റാർട്ട് അപ്പ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനികളാണ് കൂട്ടായ്‌മ രൂപീകരിക്കുന്നത്. സമീപ കാലത്ത് ഗൂഗിള്‍ അടക്കമുള്ള വിദേശ കമ്പനികള്‍ സ്വീകരിച്ച നിലപാടാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ശനിയാഴ്‌ച രാജ്യത്തെ പ്രമുഖ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഗൂഗിളിന്റെ ഏകാധിപത്യ നടപടികളില്‍ പല കമ്പനികളും പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
അടുത്തിടെ ഗൂഗിള്‍ പ്ലേസ്‌റ്റോറിൽ നിന്നും പേടിഎമ്മിനെ നീക്കം ചെയ്‌തിരുന്നു. സൊമാറ്റോ, സ്വിഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്‌തു. ഇന്ത്യാമാര്‍ട്ട് സഹസ്‌ഥാപകന്‍ ദിനേശ് അഗര്‍വാള്‍ ഇതുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രതികരണത്തില്‍ വാര്‍ത്ത സ്‌ഥിരീകരിച്ചു.
പേടിഎം, ഇന്ത്യാമാര്‍ട്ട് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനൊപ്പം ഭാവിയില്‍ വിഷയവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങള്‍ അടങ്ങിയ കരട് റിപ്പോര്‍ട്ട് രണ്ടാഴ്‌ച്ചക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.
Read Also: കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്