ചെന്നൈ: നാല് വർഷത്തെ ജയിൽ ജീവിതവും കോവിഡും മറികടന്ന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല തമിഴ് രാഷ്ട്രീയത്തിലേക്ക്. നിരീക്ഷണത്തിൽ കഴിയുന്ന ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് അനുയായികൾക്കൊപ്പം റോഡ് ഷോയുമായി ശശികല ഇന്ന് ചെന്നൈയിൽ എത്തും.
ശശികലയുടെ വരവിൽ പകച്ചുപോയ അണ്ണാ ഡിഎംകെ സർക്കാർ ജയ-എംജിആർ സമാധികൾ അടച്ചുപൂട്ടി. പാർട്ടി ആസ്ഥാനത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയ സർക്കാർ ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.
അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷ കഴിഞ്ഞാണ് ശശികല എത്തുന്നത്. ജയ സമാധി അടച്ചുപൂട്ടിയതോടെ ടി നഗറിലെ എംജിആറിന്റെ വീട്ടിലെത്തിയാകും ‘ചിന്നമ്മ’ രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക. വൻ ജനക്കൂട്ടം അനുവദിക്കില്ല എന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 9 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന റോഡ് ഷോ 30 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ചെന്നൈയിൽ എത്തുക.
അതേസമയം, ശശികലക്കെതിരെ നടപടിക്കായി മന്ത്രിമാരുടെ കഠിന ശ്രമം തുടരുകയാണ്. ചെന്നൈയിലെ 6 ഇടങ്ങളിലെ ബംഗ്ളാവും ഭൂമിയുമടക്കമുള്ള സ്വത്തുക്കളാണ് തമിഴ്നാട് സർക്കാർ കണ്ടുകെട്ടിയത്. എന്നാൽ, കടുത്ത രാഷ്ട്രീയ നീക്കങ്ങളൊന്നും ശശികലയുടെ ഭാഗത്ത് നിന്ന് ഉടൻ ഉണ്ടാകില്ല എന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനാണ് ചിന്നമ്മയുടെ തീരുമാനം.
സീറ്റ് കിട്ടാത്ത അസംതൃപ്തരെ ഒപ്പം നിർത്തി അണ്ണാ ഡിഎംകെ പിടിച്ചെടുക്കാനാണ് ആദ്യ നീക്കം. നിലവിൽ അണ്ണാ ഡിഎംകെയുമായി സഖ്യമുള്ള ബിജെപിയെ പ്രകോപിക്കേണ്ട എന്ന ആലോചനയും ഇതിന് പിന്നിലുണ്ട്. നിലവിൽ കേന്ദ്ര ഏജൻസികൾ എടുത്ത അര ഡസനിൽ അധികം കേസുകൾ ശശികലക്ക് എതിരെയുണ്ട്.
Also Read: മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ







































