ന്യൂഡെൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിടെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ഏജൻസികൾ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതീവ ശ്രദ്ധ പുലർത്തണമെന്നും ഏജൻസികൾ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
പൊതുമുതൽ നശിപ്പിച്ചും ക്രമസമാധാനം തകർത്തുമുള്ള പ്രതിഷേധങ്ങൾ തടയണം. അക്രമ സംഭവങ്ങൾ നേരിടാൻ കൂടുതൽ സേനയെ ആവശ്യമെങ്കിൽ വിന്യസിക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. അതിനിടെ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും റിക്രൂട്ട്മെന്റ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് കര-നാവിക-വ്യോമസേന അറിയിച്ചിരുന്നു.
സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളോട് തയ്യാറെടുപ്പുകൾ ആരംഭിക്കാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. കൗമാരക്കാർക്ക് നാല് വർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്ര പദ്ധതിയാണിത്. 17 വയസ് കഴിഞ്ഞവർ മുതൽ 21 വയസുവരെയുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് അഗ്നിപഥ് പദ്ധതി. ഇതിലൂടെ തിരഞ്ഞെടുക്കുന്ന സൈനികരെ അഗ്നിവീർ എന്നായിരിക്കും അറിയപ്പെടുക.
Read Also: മധു കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി







































