പാലക്കാട്: കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്‌ഥാനാർഥിയായ പി സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു.
സരിനുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്. സരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പറഞ്ഞ ഷാനിബ്, സിപിഎമ്മിൽ ചേരില്ലെന്നും വ്യക്‌തമാക്കി. സരിനായി പ്രചാരണത്തിനിറങ്ങുമെന്നും ഷാനിബ് പറഞ്ഞു. എകെ ഷാനിബിനോട് പാലക്കാട്ടെ മൽസരത്തിൽ നിന്ന് പിൻമാറാൻ സരിൻ അഭ്യർഥിച്ചിരുന്നു.
എന്നാൽ, മൽസരത്തിൽ നിന്ന് പിൻമാറില്ലെന്ന് പറഞ്ഞ ഷാനിബ്, ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. പിന്നാലെ, സരിനുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു. കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിട്ടത്.
പാലക്കാട്- വടകര-ആറൻമുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്‌തസാക്ഷിയാണ് കെ മുരളീധരൻ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറൻമുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!