ജിദ്ദ: ആകാശ എയർ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ജൂലൈ 15 മുതൽ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സർവീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയർ. ആദ്യ രാജ്യാന്തര സർവീസ് ആരംഭിച്ചത് മാർച്ച് 28ന് ദോഹയിലേക്കായിരുന്നു.
ജൂലൈ 15 മുതൽ ജിദ്ദയിലേക്ക് ആരംഭിക്കുന്ന സർവീസ് പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും. ജിദ്ദ-മുംബൈ റൂട്ടിൽ ആഴ്ചയിൽ 12 നേരിട്ടുള്ള സർവീസുകളാണ് ആകാശ എയർ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അഹമ്മദാബാദിൽ നിന്ന് ആഴ്ചയിൽ രണ്ടു വിമാനങ്ങളും സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. വൈകാതെ കേരത്തിലേക്കും സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർധിച്ചു വരുന്ന സന്ദർശകരുടെ എണ്ണമാണ് സൗദി അറേബ്യയിലേക്ക് സർവീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികൾക്ക് പ്രചോദനമാകുന്നത്. തലസ്ഥാനമായ റിയാദിലേക്ക് സർവീസുകൾ വൈകാതെ ഷെഡ്യൂൾ ചെയ്യുമെന്നും കമ്പനി അറിയിച്ചു.
അതേസമയം, വാർഷിക ലാഭത്തിൽ റെക്കോർഡ് ഭേദിച്ചിരിക്കുകയാണ് എമിറേറ്റ്സ്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് 20 ആഴ്ചത്തെ (ഏകദേശം അഞ്ചുമാസം) ശമ്പളം ബോണസായി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ഈ തുക കൂടി അധികമായി ലഭിക്കുക. മലയാളികൾ ഉൾപ്പടെ എമിറേറ്റ്സിലെ മുഴുവൻ ജീവനക്കാർക്കും നേട്ടം ലഭിക്കും.
10,000 ദിർഹം ശമ്പളമുള്ള ജീവനക്കാരന് ഈ മാസത്തെ ശമ്പളത്തിനൊപ്പം 50,000 ദിർഹം (11,32,500 രൂപ) ബോണസായി ലഭിക്കും. കഴിഞ്ഞ തവണ ആറുമാസത്തെ ശമ്പളമാണ് ബോണസായി നൽകിയിരുന്നത്. കമ്പനിയുടെ ലക്ഷ്യം നേടാൻ സഹായിച്ച മുഴുവൻ ജീവനക്കാർക്കും നന്ദി അറിയിച്ചു എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം കത്ത് അയച്ചിട്ടുണ്ട്.
Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും