കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കർണാടക സർക്കാർ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ ഉപവാസമിരിക്കുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തരയ്‌ക്ക് ഉപവാസ സമരം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉൽഘാടനം ചെയ്യും
കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്‌ഥാനങ്ങളുടെ അതിർത്തികളിൽ വാക്‌സിനെടുത്തവരെ കോവിഡ് ടെസ്‌റ്റ് കൂടാതെ കടത്തി വിടണമെന്ന കേന്ദ്ര നിർദ്ദേശം പോലും കർണാടക പാലിക്കുന്നില്ലെന്നാണ് ആരോപണം.
കേരളത്തില്‍ നിന്ന് അടിയന്തര സര്‍വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കേരളാ അതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനും കഴിഞ്ഞയാഴ്‌ച നിര്‍ദ്ദേശം നല്‍കിയിരുന്നു. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയണമെന്നായിരുന്നു അന്നത്തെ നിര്‍ദ്ദേശം.
അതേസമയം, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച അന്തർ സംസ്‌ഥാന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. യാത്രകാർക്കുള്ള പ്രോട്ടോക്കോൾ ഏകീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് കത്തും അയച്ചിരുന്നു.
Read Also: ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് വീഡിയോ; നടി മീര മിഥുന്‍ അറസ്‌റ്റില്‍