തിരുവനന്തപുരം: രോഗികളെയും സ്‌ഥിരം യാത്രക്കാരെയും അതിർത്തിയിൽ തടയരുതെന്ന് കർണാടകയോട് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെയും, ജോലിക്കായും വിദ്യാഭ്യാസത്തിനായും കർണാടകയിലേക്ക് സ്‌ഥിരമായി യാത്ര ചെയ്യുന്ന ആളുകളെയും അതിർത്തിയിൽ തടയരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ അതിർത്തിയിൽ കർണാടക തടയുന്നതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജികളിലാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് അതിർത്തിയിൽ കർണാടകം കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജികളിലാണ് ഇപ്പോൾ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കോവിഡ് എസ്ഒപി പ്രകാരം രോഗികളുടെ വാഹനം തടയാൻ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനങ്ങളിലാണ് രോഗികൾ എത്തുന്നതെങ്കിൽ മതിയായ രേഖകൾ ഉണ്ടെങ്കിൽ വാഹനങ്ങൾ അതിർത്തി കടക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
കൂടാതെ വിദ്യാഭ്യാസത്തിനും ജോലിക്കുമായി സ്‌ഥിരമായി കർണാടകയിൽ പ്രവേശിക്കുന്ന ആളുകളെ അതിർത്തിയിൽ തടയരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ യാത്രക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള നടപടികൾ അതിർത്തിയിൽ ഉണ്ടാകരുതെന്നും കോടതി വ്യക്‌തമാക്കി.
Read also: സോളാർ കേസിലെ സിബിഐ അന്വേഷണം; പിന്നിൽ സിപിഎം- ബിജെപി ധാരണയെന്ന് വിഡി സതീശൻ