കാസർഗോഡ്: അഭിമാനപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ. വോട്ടുചോർച്ച ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം പിൻവലിപ്പിച്ചിരുന്നു. ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെയാണ് ബിജെപി നേതൃത്വം ഇടപെട്ട് പത്രിക പിൻവലിപ്പിച്ചത്.
ഇത്തവണ സംസ്ഥാന പ്രസിഡണ്ട് കൂടിയായ സുരേന്ദ്രൻ വീണ്ടും മഞ്ചേശ്വരത്ത് ജനവിധി തേടുമ്പോൾ എം സുരേന്ദ്രൻ എന്ന അപരനാണ് ബിജെപിക്ക് തലവേദനയാകുന്നത്.
2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് 467 വോട്ടുകളാണ് സുന്ദര നേടിയത്. അന്ന് 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ മുസ്ലിം ലീഗ് സ്ഥാനാർഥിയായ പിബി അബ്ദു റസാഖിനോട് പരാജയപ്പെട്ടത്. 645 പേർ നോട്ടക്ക് കുത്തിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് സ്വന്തമാക്കിയത് സുന്ദരയായിരുന്നു. ബിഎസ്പിക്ക് വേണ്ടി മൽസരിച്ച രവിചന്ദ്ര 365 വോട്ടും പിഡിപി സ്ഥാനാർഥി എസ്എം ബഷീർ അഹമ്മദ് 759 വോട്ടും നേടി.
കഴിഞ്ഞ തവണ ബിജെപിയെ വെട്ടിലാക്കിയത് സ്വതന്ത്രനായി മൽസരിച്ച സുന്ദരയാണെന്നാണ് ബിജെപി നേതൃത്വം തന്നെ വിലയിരുത്തുന്നത്. അതിനാൽ തന്നെ ഇത്തവണ എത്ര വോട്ടുകൾ ചോരുമെന്ന ആശങ്കയിലാണ് ബിജെപി നേതാക്കളും അണികളും.
Read also: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും, ബ്രഹ്മപുത്രയിൽ അണക്കെട്ട്; അസമിൽ ബിജെപി പ്രകടനപത്രിക








































